KOYILANDY DIARY

The Perfect News Portal

രാജ്യാന്തര ചലച്ചിത്ര മേള സുവര്‍ണ ചകോരം ‘ഒറ്റാലിനു’

തിരുവനന്തപുരം :  ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണചകോരത്തിന് ജയരാജ് സംവിധാനം ചെയ്ത ‘ ഒറ്റാല്‍ ‘ സ്വന്തമാക്കി. മത്സര വിഭാഗത്തില്‍ 11 രാജ്യങ്ങളില്‍ നിന്നുള്ള 14 ചിത്രങ്ങളായിരുന്നു മേളയില്‍ മാറ്റുരച്ചത്. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്ക്കാരം, ഫിപ്രസ്ക്കി പുരസ്ക്കാരം, നാറ്റ്പാക് പുരസ്ക്കാരം എന്നിവ ഉള്‍പ്പെടെ നാല് പുരസ്കാരമാണ് ഒറ്റാലിനു ലഭിച്ചത്. ചലച്ചിത്ര മേളയില്‍ ഒരു മലയാള ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് സുവര്‍ണ ചകോരം.  മികച്ച മലയാളം ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്ക്കാരം ‘ഒഴിവു ദിവസത്തെ കളി’ സ്വന്തമാക്കി. ഒഴിവു ദിവസത്തെ കളിയുടെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനാണ് മികച്ച നവാഗത സംവിധായകന്‍.

ഇറാനിയന്‍ സംവിധായകനായ ഡാരിഷ് മെഹറൂജിനാണ് ഇത്തവണത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം. പുരസ്കാരങ്ങള്‍ നിശാഗന്ധി തീയറ്ററില്‍ കേരള ഗവര്‍ണ്ണര്‍ പി സദാശിവം വിതരണം ചെയ്തു. ബ്രസീല്‍ സംവിധായകനായ ജൂലിയോ ബ്രസന്നയുടെ നേതൃത്വത്തിലുള്ള ജൂറി സംഘമാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.