KOYILANDY DIARY

The Perfect News Portal

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയുടെ നേട്ടം തുടരുമെന്ന് റിപ്പോര്‍ട്ട്

അടുത്ത രണ്ടു വര്‍ഷവും ലോകത്തെ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുമ്പോഴും ഇന്ത്യയുടെ സ്ഥിതി പ്രതീക്ഷയുളവാക്കുന്നതാണെന്ന് യുഎന്‍ വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്‌പെക്ട്ക് റിപ്പോര്‍ട്ട് പറയുന്നു.

നിക്ഷേപത്തിലെ ഇടിവും വാണിജ്യ രംഗത്തിന്റെ തളര്‍ച്ചയും അടുത്ത രണ്ടു വര്‍ഷവും ലോക സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. 2015ല്‍ തിരിച്ചടി നേരിട്ട ലോക സമ്പദ് വ്യവസ്ഥ രണ്ടു വര്‍ഷത്തേക്ക് വലിയ തോതില്‍ തിരിച്ചുവരവു നടത്താന്‍ സാധ്യതയില്ല. 2015ല്‍ ആഗോള സമ്പദ് വ്യവസ്ഥ 2.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് കണക്കുകൂട്ടുന്നത്. 2016ല്‍ ഇത് 2.9 ശതമാനവും 2017ല്‍ 3.2 ശതമാനവുമാവും. 2015നെ അപേക്ഷിച്ച് വലിയ കുതിപ്പുണ്ടാവില്ലെങ്കിലും ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഈ കാലയളവില്‍ ഇന്ത്യ തുടരും. 2016ല്‍ ഇന്ത്യ സമ്പദ് വ്യവസ്ഥ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.