KOYILANDY DIARY

The Perfect News Portal

രണ്‍ജി പണിക്കറുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായ ഷാജി കൈലാസ് ചിത്രം വരുന്നു

പുലിമുരുകനെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു പിന്നാലെ മോഹന്‍ലാലിനെ വച്ച്‌ മാസ് ചിത്രമെടുക്കാന്‍ ഷാജി കൈലാസ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നരസിംഹം പോലൊരു സിനിമയാണു ലക്ഷ്യമെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിട്ടില്ല. 2017 വിഷുവിന് ഇരുവരുമൊന്നിക്കുന്ന സിനിമയ്ക്കു പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഈ സിനിമ വിഷുവിന് ഇറങ്ങുമോ എന്നു വ്യക്തമല്ല. രണ്‍ജി പണിക്കര്‍ ആകും തിരക്കഥയെന്നും സൂചനയുണ്ട്. നേരത്തേ, താന്‍ തിരക്കഥ തയാറാക്കിയ വിവരം രണ്‍ജി പണിക്കര്‍ തന്നെ പുറത്തുവിട്ടിരുന്നു. ഇതു ഷാജി കൈലാസിനു വേണ്ടിയാണെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. ആക്ഷന്‍എന്റര്‍ടെയ്ന്‍മെന്റ് നിലയില്‍ നിര്‍മിക്കുന്ന ചിത്രം നരസിംഹത്തിന്റെ രീതിയിലാകും പുറത്തിറക്കുക.

നരസിംഹത്തിന്റെ പത്താംവാര്‍ഷികത്തോടനുബന്ധിച്ച്‌ 2015ല്‍ ചിത്രം ഡിജിറ്റലൈസ് ചെയ്തിരുന്നു. അടുത്തവര്‍ഷമാകും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ഇതേക്കുറിച്ച്‌ ഔദ്യോഗിക വിശദീകരണം ഉടന്‍ പുറത്തുവന്നേക്കും. റെഡ് ചില്ലീസ് എന്ന സിനിമയിലാണ് ഷാജി കൈലാസും മോഹന്‍ലാലും അവസാനമായി ഒന്നിച്ചത്. 2009 ലാണു ചിത്രം പുറത്തുവന്നത്. എന്നാല്‍, ബോക്സ്‌ഓഫീസില്‍ സിനിമ കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന പട്ടാള സിനിമയുടെ ഷൂട്ടിങ്ങിലാണു ലാല്‍ ഇപ്പോള്‍. ഇതിനുശേഷമുള്ള സിനിമയെക്കുറിച്ചു പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ഷാജി കൈലാസിന്റെ മികച്ച ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുള്ളവരാണ് രഞ്ജിത്തും രണ്‍ജി പണിക്കരും. രുദ്രാക്ഷം, അസുരവംശം, ആറാംതമ്ബുരാന്‍, നരസിംഹം, വല്ല്യേട്ടന്‍ എന്നിവയാണ് ഷാജി കൈലാസ് രഞ്ജിത് കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍. ഡോക്ടര്‍ പശുപതി, സ്ഥലത്തെ പ്രധാന പയ്യന്‍സ്, മാഫിയ, തലസ്ഥാനം, കമ്മീഷണര്‍, ഏകലവ്യന്‍, ദ കിങ് എന്നീ ഷാജി കൈലാസ് ചിത്രങ്ങളുടെ തിരക്കഥ രണ്‍ജി പണിക്കരുടെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *