KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയെ മാറ്റിയത് പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്ന്

കൊല്ലം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്ന്. ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത് അനുസരിച്ചാണ് മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്നാണ് എസ്.എന്‍.ഡി.പി നേതൃത്വം നല്‍കുന്ന സൂചന.

ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കാന്‍ പാടില്ലെന്നും പ്രധാനമന്ത്രി കേരളത്തിലെത്തുന്ന ആദ്യ ചടങ്ങായതിനാല്‍ അത് പൂര്‍ണമായും ഒരു ‘മോദി ഷോ’ ആയിരിക്കണമെന്നുമായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം.

മുഖ്യമന്ത്രിയെ ഒഴിവാക്കിയതോടെ ചടങ്ങിലെ മോദിയുടെ പ്രസംഗ സമയവും വര്‍ധിക്കും. 45 മിനിട്ട് പരിപാടിയില്‍ 35 മിനിട്ടാണ് ഇപ്പോള്‍ മോദിയുടെ പ്രസംഗം. മുഖ്യമന്ത്രി അധ്യക്ഷനായിരുന്നപ്പോള്‍ അത് 15 മിനിട്ട് മാത്രമായിരുന്നു. പുതുക്കിയ പരിപാടി അനുസരിച്ച് ചടങ്ങില്‍ മോദി മാത്രമെ പ്രസംഗിക്കാന്‍ സാധ്യതയുള്ളു. അങ്ങനെ ചടങ്ങ് പൂര്‍ണമായും ‘മോദി ഷോ’ ആക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടതായി സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഉന്നതര്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചിരുന്നു.

Advertisements

എന്നാല്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് നോട്ടീസില്‍ പേരുവെച്ചതിനാല്‍ മാറ്റാനാവില്ല എന്ന് വെള്ളാപ്പള്ളി അറിയിച്ചുവെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വം വഴങ്ങിയില്ല.  ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് വെള്ളാപ്പള്ളി തന്നെയാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. ഒഴിഞ്ഞുനിന്ന് സഹായിക്കണമെന്ന് ഉമ്മന്‍ചാണ്ടിയോട് വെള്ളാപ്പള്ളി ടെലിഫോണില്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

കൊല്ലത്തേത് സര്‍ക്കാര്‍ ചടങ്ങല്ലെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യം അനിവാര്യമല്ലെന്നുമാണ് ബി.ജെ.പി. നേതൃത്വം നല്‍കുന്ന വിശദീകരണം. ശിവഗിരി തീര്‍ത്ഥാടന സമ്മേളനച്ചടങ്ങില്‍ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ഈ ചടങ്ങില്‍ ബി.ജെ.പി. നേതാക്കള്‍ക്ക് ക്ഷണമില്ല. ഇതിനുള്ള മറുപടിയായാണ് ആര്‍.ശങ്കര്‍ പ്രതിമാ അനാച്ഛാദനച്ചടങ്ങില്‍നിന്ന് കോണ്‍ഗ്രസ് നേതാവായ മുഖ്യമന്ത്രിയെ അകറ്റിനിര്‍ത്തുന്നതെന്ന സൂചനയും ബി.ജെ.പി. നേതാക്കള്‍ നല്‍കുന്നു.