KOYILANDY DIARY

The Perfect News Portal

കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ല സ്ഥാപിക്കുന്നത്

കൊല്ലം: ആര്‍.ശങ്കറിനെ ഓര്‍ത്ത് ആരും കണ്ണീര്‍ പൊഴിക്കേണ്ടെന്നും കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ല സ്ഥാപിക്കുന്നതെന്നും എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍.

ആര്‍.ശങ്കറിനെ താഴെയിറക്കിയവരാണ് കോണ്‍ഗ്രസുകാര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ എല്ലാവര്‍ക്കും വലിയ ദുഖമാണ്. ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപോള്‍ നശിപ്പിക്കാന്‍ ശ്രമിച്ചവരും അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ശ്രമിച്ചവരും ഇന്ന് ജീവിച്ചിരിപ്പുണ്ട്. അന്ന് അദ്ദേഹത്തോട് ക്രൂരമായി പെരുമാറുകയും പ്രസംഗിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ പ്രകീര്‍ത്തിക്കുന്നത്. വെള്ളാപ്പള്ളി ആരോപിച്ചു.

കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമയല്ല ഇപ്പോള്‍ സ്ഥാപിക്കുന്നത്. സമുദായത്തിന്റെ പിന്നോക്ക അവസ്ഥ മാറ്റുന്നതിനും വിദ്യാഭ്യാസ പുരോഗതി ഉണ്ടാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിച്ച ആ മഹാന്‍ സ്ഥാപിച്ച പ്രധാന കേളേജിന്റെ കവാടത്തില്‍ പ്രതിമ വേണമെന്ന് തീരുമാനിച്ചത് നിര്‍മാണ കമ്മറ്റിയും എസ്.എന്‍ ട്രസ്റ്റുമാണ്. അദ്ദേഹം സമുദായത്തിന് നല്‍കിയ സേവനങ്ങളാണ് ഞങ്ങള്‍ സ്മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisements

പ്രതിമാ വിവാദത്തിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ പുണ്യവാളനായെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിവാദങ്ങള്‍ കൊണ്ട് ഗുണമുണ്ടായത് മുഖ്യമന്ത്രിക്കാണ്. നിയമസഭയില്‍ മുഖ്യമന്ത്രിയെ കരയിപ്പിച്ച പ്രതിപക്ഷം ഇപ്പോള്‍ കണ്ണുനീര്‍ നക്കികുടിക്കുകയാണ്. വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.