KOYILANDY DIARY

The Perfect News Portal

മുംബൈ എന്ന മായികനഗരം

സ്വപ്‌നങ്ങളുടെ മഹാനഗരം എന്ന വിശേഷണത്തിലുപരി മറ്റൊരു പേരും മുംബൈയ്ക്ക് നല്‍കാനില്ല, കാരണം എല്ലാകാലത്തും ജീവിതത്തിലെ പലതരം സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി രാജ്യത്തിന്റെ പലഭാഗത്തുനിന്നായി എത്തുന്നവരെയെല്ലാം കൈനീട്ടി സ്വീകരിയ്ക്കുന്ന നഗരമാണ് മുംബൈ. പലതരക്കാരായ ആളുകള്‍, ഭാഷകള്‍, സംസ്‌കാരങ്ങള്‍ എല്ലാം ചേര്‍ന്നതാണ് മുംബൈ. ഒരാള്‍ക്കും സ്വന്തമെന്ന് പറയാന്‍ കഴിയാത്ത എന്നാല്‍ എല്ലാവരുടെയും സ്വന്തമായ സ്വപ്‌നഭൂമിയാണത്.

ലോകത്തിന്റെ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ പോലെയാണ് ഇന്ത്യക്കാരുടെ മുംബൈ സ്വപ്‌നങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം. സിനിമയും മോഡലിങ് രംഗവും സ്വപ്‌നം കാണുന്നവര്‍, അറിയാവുന്ന പണികള്‍ എന്തെങ്കിലും ചെയ്ത് ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ ആഗ്രഹിയ്ക്കുന്നവര്‍ എന്നുവേണ്ട ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ക്കും ഇതൊരു മായിക നഗരമാണ്. മറ്റെവിടെയും കാണാന്‍ കഴിയാത്ത ചേരികള്‍, നഗരക്കാഴ്ചകള്‍, എന്നുവേണ്ട മുംബൈയില്‍ കാണുന്നതെന്തും വ്യത്യസ്തമാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ.

രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും വളരെ സുഖകരമായി എത്തിച്ചേരാവുന്ന നഗരമാണിത്. മുംബൈ നഗരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ആദ്യമായി വരുന്നവര്‍ ഒന്നമ്പരക്കാതിരിക്കില്ല, തലങ്ങും വിലങ്ങുമോടുന്ന ടാക്‌സികള്‍, ആകാശത്തിലേയ്ക്കുയര്‍ത്തി നിര്‍മ്മിച്ചിരിക്കുന്ന നടപ്പാതകള്‍ എന്നുവേണ്ട മുംബൈയിലെ കാഴ്ചകള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. മുംബൈ പോലെ മുംബൈ മാത്രമേയുള്ളു എന്ന് പറയുന്നതിന് കാരണവും ഇതുതന്നെ.

Advertisements

മുംബൈയെക്കുറിച്ച് കൂടുതല്‍

ഷോപ്പിങ്, ഭക്ഷണം, നഗരക്കാഴ്ചകള്‍, കടല്‍ത്തീരം, നിശാജീവിതം, ഫാഷന്‍, സിനിമ എന്നുവേണ്ട സഞ്ചാരികളെ ആകര്‍ഷിക്കുന്നതെല്ലാം ഇവിടെയുണ്ട്. നഗരത്തിലെ ഫാഷന്‍ സ്ട്രീറ്റും ബാന്ദ്രയിലെ ലിങ്കിങ് റോഡുമാണ് ഷോപ്പിങ് പ്രിയരുടെ പറുദീസകള്‍. റോഡ്‌സൈഡ് ഷോപ്പിങ് ആണിവിടുത്തെ പ്രത്യേകത, വളരെ കുറഞ്ഞ കാശിന് അടിമുടി ട്രെന്റിയാക്കുന്ന സാധനങ്ങളാണ് ഇവിടെകിട്ടുക, വിലപേശി വാങ്ങുകയുമാകാം.  ഇനി ബ്രാന്റഡ് ഷോപ്പിങ് തന്നെ വേണമെന്നുള്ളവര്‍ക്കാണെങ്കില്‍ പോകാന്‍ ഒട്ടനവധി സ്ഥലങ്ങളുണ്ട്. ബീച്ച് സവാരികള്‍, അതുകഴിഞ്ഞാല്‍ വൈവിധ്യമാര്‍ന്ന രുചികളുടെ ലോകം എല്ലാം ആസ്വദിയ്ക്കാം. മുംബൈയുടെ സ്വന്തമെന്ന് പറയാവുന്ന വ്യത്യസ്തമായ സാന്റ്‌വിച്ചുകള്‍, കുള്‍ഫി, ഫലൂദ, പാനി പൂരി, മഹാരാഷ്ട്രയുടെ സ്വന്തം രുചിയായ വട പാവ് എന്നിവയെല്ലാം മുംബൈയുടെ ഏത് ഭാഗത്തും കിട്ടും.

ജൂഹു, ചൗപട്ടി, ഗൊരായ് എന്നിവയാണ് മുംബൈയിലെ പ്രധാന കടല്‍ത്തീരങ്ങള്‍. അധികം തിരക്കില്ലാതെ കടല്‍സൗന്ദര്യം ആസ്വദിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലം ഗൊരായ് ആണ്. മുംബൈ നടന്നുകണ്ടുകളയാമെന്ന് കരുതിയാല്‍ സാധിക്കാനേ പോകുന്നില്ല. ടൂറിസ്റ്റുകളെ സിറ്റി ചുറ്റി കാണിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കാബുകളും കാറുകളുമെല്ലാം നഗരത്തില്‍ ഏറെയുണ്ട്. ഏതെങ്കിലും ഒന്ന് വാടകയ്‌ക്കെടുക്കുന്നതായിരിക്കും നല്ലത്. ഉച്ചമയത്ത് മുംബൈയില്‍ നല്ല ചൂട് അനുഭവപ്പെടാറുണ്ട്, അതിനാല്‍ത്തന്നെ ഈ സമയത്ത് ഭക്ഷണം കഴിയ്ക്കാനും വിശ്രമത്തിനുമായി മാറ്റിവെയ്ക്കുന്നതാണ് നല്ലത്, പുറത്തിറങ്ങി അധികം നടന്നാല്‍ ക്ഷീണിയ്ക്കുമെന്ന് ഉറപ്പാണ്. വാഹനത്തിലാണ് യാത്രയെങ്കില്‍ കുഴപ്പമുണ്ടാകില്ല.  ബെസ്റ്റ് എന്ന പേരിലുള്ള ഡബിള്‍ ഡക്കര്‍ ബസുകള്‍ നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നുണ്ട് ക്യൂന്‍സ് നെക്ലേസ് എന്നറിയപ്പെടുന്ന മറൈന്‍ ഡ്രൈവിലേയ്ക്കും മറ്റും ഇതില്‍ പോകുന്നതായിരിക്കും നല്ലത്. ഇനി യാത്ര അല്‍പം വ്യത്യസ്തമാകണമെന്നുണ്ടെങ്കില്‍ നഗരത്തില്‍ ലോക്കല്‍ തീവണ്ടി സര്‍വ്വീസുകള്‍ ഇഷ്ടംപോലെയുണ്ട്. നഗരത്തിലെ ഏറ്റവും വേഗതയേറിയ ഗതാഗതമാര്‍ഗ്ഗവും ഇതുതന്നെയാണ്. പടിഞ്ഞാറുഭാഗത്തേയ്ക്ക് പോകേണ്ടുന്ന തീവണ്ടികള്‍ ചര്‍ച്ച് ഗേറ്റ് സ്റ്റേഷനില്‍ നിന്നും സെന്‍ട്രലിലേയ്ക്കുള്ള വണ്ടികള്‍ വിടി സ്റ്റേഷനില്‍ നിന്നുമാണ് പുറപ്പെടുക.

മാളുകളും മന്ദിറുകളും

മുംബൈയിലെ മാള്‍ സംസ്‌കാരത്തിന് ദശാബ്ദത്തിന്റെ പഴക്കമുണ്ട്. ഇപ്പോള്‍ നഗരത്തില്‍ പലയിടത്തായി വന്‍കിട മാളുകള്‍ ഒട്ടേറെയുണ്ട്. രാജ്യത്തെ മൊത്തതില്‍ എടുത്താന്‍ ഏറ്റവും കൂടുതല്‍ പ്രീമിയം മാളുകളുള്ളത് മുംബൈയിലാണ്. പൊവൈയിലുള്ള ഫൊണിക്‌സ് മില്ലില്‍ സ്ഥിതിചെയ്യുന്ന പല്ലേഡിയം മാള്‍ ഫാഷനില്‍ പുത്തന്‍ ബ്രാന്റുകള്‍ തേടുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ്. പ്രമുഖ വസ്ത്രബ്രാന്റുകള്‍ക്കൊപ്പം ഇവിടെ കാലിഫോര്‍ണി പിസ പോലുള്ള വന്‍ റസ്‌റ്റോറന്റുകളുമുണ്ട്.

യാത്രക്കിടയില്‍ അല്‍പം ആത്മീയത ആഗ്രഹിയ്ക്കുന്നവര്‍ക്കാണെങ്കില്‍ നഗരത്തില്‍ ചില ദേവാലയങ്ങളുമുണ്ട്. സിദ്ധിവിനായക ക്ഷേത്രം, ഹാജി അലി പളളി എന്നിവയാണ് നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ആരാധനാലയങ്ങള്‍. രണ്ടിടവും നല്ല തിരക്ക് അനുഭവപ്പെടാറുള്ള സ്ഥലമാണ്, ചെന്നുകയറി പ്രാര്‍ത്ഥന നടത്തുകയെന്നത് അത്ര എളുപ്പമായിരിക്കില്ല. രണ്ട് ആരാധനാലയങ്ങളുടെയും നിര്‍മ്മാണരീതി മനോഹരമാണ്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ സിദ്ധിവിനായക ക്ഷേത്രങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുക, ഈ ദിവസങ്ങളിലാണെങ്കില്‍ അകത്ത് കയറി പ്രാര്‍ത്ഥിയ്ക്കാന്‍ പോവാതിരിക്കുന്നതാണ് നല്ലത്.

മുംബൈയിലെ നഗര ജീവിതം

മുംബൈയിലെ നിശാജീവിതം പേരുകേട്ടതാണ്. രാത്രികാലങ്ങളിലെ ആഘോഷങ്ങളുടെ കാര്യത്തില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് മുംബൈയെ കാണക്കാക്കുന്നത്. നിശാപാര്‍ട്ടികളും മറ്റും നടക്കുന്ന ഒട്ടേറെ ക്ലബ്ബുകള്‍ നഗരത്തിലുണ്ട്, പോളി എസ്‌തേര്‍സ്, ബിഹൈന്റ് ബാര്‍സ്, വിന്‍ക്, റെഡ് ലൈറ്റ് എന്നിങ്ങനെ തീനും കുടിയും പാട്ടും നൃത്തവുമായി രാവാഘോഷങ്ങള്‍ അരങ്ങേറുന്ന പലക്ലബ്ബുകളുണ്ട്, കീശയുടെ കനമനുസരിച്ച് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. പുലര്‍ച്ചെ 1 മണിവരെയാണ് മിക്കയിടത്തേയും ആഘോഷങ്ങള്‍, സ്ഥലങ്ങളുടെ വ്യത്യാസമനുസരിച്ച് ഇതില്‍ മാറ്റമുണ്ട്, ചില സ്ഥലങ്ങളില്‍ പുലര്‍ച്ചെ 3 വരെ ആഘോഷങ്ങള്‍ നീളാറുണ്ട്.

പാര്‍ട്ടി കഴിഞ്ഞാല്‍പ്പിന്നെ കൊളാബയിലെ ബേഡ് മിയാസിലേയ്ക്കാണ് എല്ലാവരും പോവുക. ഇവിടെയുള്ള പ്രത്യേക രുചിയുള്ള റുമാലി റൊട്ടിയാണ് ആളുകളെ അങ്ങോട്ടാകര്‍ഷിയ്ക്കുന്നത്. ബേഡ് മിയാസില്‍പ്പോയി റൂമാലി റൊട്ടി കഴിയ്ക്കാതെ മുംബൈയിലെ രാവുകള്‍ അവസാനിക്കുന്നില്ലെന്നാണ് പതിവായി അത് ആഘോഷിയ്ക്കുന്നവര്‍ പറയാറുള്ളത്.

ഫോര്‍ സീസണ്‍സിന്റെ ഐസ് ബാറാണ് മുംബൈയിലെ നിശാജീവിതത്തിന് നിറം ചാര്‍ത്തുന്ന ഏറ്റവും പുതിയ കാര്യം. കെട്ടിടത്തിന്റെ മുപ്പത്തിനാലാമത്തെ നിലയിലുള്ള റൂഫ് ടോപ്പ് ആഘോഷമുറിയാണിത്. രാത്രിയില്‍ ഇവിടെനിന്നും നഗരക്കാഴ്ച കാണുകയെന്നത് മനോഹരമായ അനുഭവമാണ്. വാഹനം സ്വന്തമായി വാടകയ്‌ക്കെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മുംബൈ നഗരത്തില്‍ ഓടുന്ന ടൂര്‍ ബസുകളെ ആശ്രയിയ്ക്കാം. മുംബൈ ദര്‍ശന്‍ എന്നാണ് ഈ ബസുകളുടെ പേര്. ഇന്ത്യാ ഗേറ്റില്‍ നിന്നാണ് ബസ് യാത്ര തുടങ്ങുക. പിന്നീട് നഗരത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളെല്ലാം ചുറ്റിക്കാണിച്ചശേഷം വൈകുന്നേരത്തോടെ ഇന്ത്യാ ഗേറ്റില്‍ത്തന്നെ കൊണ്ടുവന്നിറക്കും. നഗരത്തില്‍ യാത്രചെയ്യുകയെന്നത് വളരെ ചെലവ് കുറഞ്ഞകാര്യമാണ്. മറ്റു പലനഗരങ്ങളിലുമുണ്ടാകുന്നപോലെ ഗതാഗതപ്രശ്‌നങ്ങള്‍ മുംബൈ നഗരത്തില്‍ ഉണ്ടാകാറില്ല.