KOYILANDY DIARY

The Perfect News Portal

മികച്ച നേഴ്‌സിനുള്ള സംസ്ഥാന പുരസ്‌കാരം ഇനി ലിനിയുടെ പേരില്‍

തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്രയില്‍ നിപ്പ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച്‌ മരിച്ച നേഴ്സ് ലിനിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തി. മികച്ച നേഴ്‌സിനായി സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം ഇനിമുതല്‍ “സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് ‘ എന്ന് അറിയപ്പെടും.

നിപ്പ വൈറസ്‌ ബാധിച്ച്‌ ചികിത്സ തേടിയവരെ പരിചരിക്കുന്നതിനിടയിലാണ് പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സായ ലിനിക്കും നിപ്പ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന ലിനി മെയ് 21ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മനാമയില്‍ അക്കൗണ്ടന്റായിരുന്ന ലിനിയുടെ ഭര്‍ത്താവ് ലിനിക്ക് നിപ്പ സ്ഥിരീകരിച്ചതോടെ നാട്ടിലെത്തിയിരുന്നു. ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കെയായിരുന്നു ലിനിയുടെ വേര്‍പാട്.

ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക് ഫോഴ്‌സ് ഡയറക്ടര്‍ ജിം ക്യാംബെല്‍ ലിനിയെ അനുസ്മരിച്ച്‌ ട്വിറ്ററില്‍ കുറിച്ചിരുന്നു. മരണക്കിടക്കയില്‍ വെച്ച്‌ ലിനി ഭര്‍ത്താവ് സജീഷിനെഴുതിയ കത്തുള്‍പ്പെടെ പ്രസിദ്ധീകരിച്ചാണ് ലോകപ്രശസ്ത വാരികയായ ദ ഇക്കണോമിസ്റ്റ് ആദരമര്‍പ്പിച്ചത്.

Advertisements

ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ കോഴിക്കോട് ഡിഎംഒ ഓഫീസില്‍ എല്‍ഡി ക്ലര്‍ക്കായി ജോലി നല്‍കിയിരുന്നു. രണ്ട് കുട്ടികളുടെയും പഠനത്തിനും ചെലവിനുമായി പത്തു ലക്ഷം രൂപ വീതം നിക്ഷേപിക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *