KOYILANDY DIARY

The Perfect News Portal

ജ്ഞാനപീഠ ജേതാവ്‌ കൃഷ്‌ണ സോബ്‌തി അന്തരിച്ചു

ഡല്‍ഹി: വിഖ്യാതഹിന്ദി സാഹിത്യകാരിയും ജ്‌ഞാനപീഠ പുരസ്‌കാര ജേതാവുമായ കൃഷ്‌ണ സോബ്‌തി (93) അന്തരിച്ചു. വെള്ളിയാഴ്‌ച രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്‌ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച്‌ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ഫെലോഷിപ്പും മടക്കിയ എഴുത്തുകാരിയാണ് തൊണ്ണൂറ്റിമൂന്നുകാരിയായ കൃഷ്ണ സോബ്തി. ജീവിതത്തിലെ വെല്ലുവിളികള്‍ സധൈര്യം നേരിടുന്ന കഥാപാത്രങ്ങളുടെ സ്രഷ്ടാവ് എന്ന നിലയ്ക്കാണ് അറിയപ്പെടുന്നത്.

ഹിന്ദി, ഉര്‍ദു, പഞ്ചാബി സംസ്കാരങ്ങളുടെ വിവിധ ഭാവങ്ങളാണ് സോബ്‌തിയുടെ സാഹിത്യത്തിന്റെ അന്തര്‍ധാര. ഹിന്ദിസാഹിത്യത്തെ പരിപോഷിപ്പിച്ച സംഭാവനകളാണ് സോബ്‌തിയിലൂടെ ലഭ്യമായിട്ടുള്ളതെന്നാണ്‌ ജ്‌ഞാനപീഠ പുരസ്‌കാര നിര്‍ണയ സമയത്ത്‌ സമിതിയിലുണ്ടായിരുന്ന പ്രശസ്‌ത വിമര്‍ശകന്‍ നാംവര്‍ സിങ് വിലയിരുത്തിയത്‌. വിഭജനകാലത്തിന്റെ ഓര്‍മകളും മാറുന്ന ഇന്ത്യയില്‍ മാനുഷികബന്ധങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും കാലത്തിനൊപ്പം ചോരുന്ന മാനുഷികമൂല്യങ്ങളും ആവിഷ്‌കരിക്കുന്നതാണ് സോബ്‌തിയുടെ രചനകള്‍.

Advertisements

ദര്‍വാരി, മിത്രമസാനി, മനന്‍ കി മാന്‍, പഹദ്, ഗുജറാത്ത് പാകിസ്ഥാന്‍ സേ ഗുജറാത്ത് ഹിന്ദുസ്ഥാന്‍, ദില്‍- ഒ- ദാനിഷ്, സിന്ദഗിനാമ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. രചനകള്‍ ഇംഗ്ലീഷ്, റഷ്യന്‍, സ്വീഡിഷ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദി അക്കാദമി അവാര്‍ഡുകള്‍, മൈഥിലി ശരണ്‍ ഗുപ്‌ത സമ്മാന്‍, കഥാ ചൂഡാമണി, ശിരോമണി പുരസ്‌കാരങ്ങള്‍, സാഹിത്യ അക്കാദമി ഫെലോഷിപ്പുകള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടി.

2010ല്‍ പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹയായെങ്കിലും എഴുത്തുകാര്‍ അധികാരകേന്ദ്രങ്ങളില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് പ്രസ്താവിച്ച്‌ പുരസ്കാരം നിഷേധിക്കുകയായിരുന്നു. സോബ്‌തിയുടെ വിയോഗത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *