KOYILANDY DIARY

The Perfect News Portal

മാനസികാരോഗ്യ കേന്ദ്രത്തിലെ വിലാസമറിയാത്ത അന്തേവാസികള്‍ക്ക് നാട്ടിലെത്താന്‍ പുതുവഴി തുറക്കുന്നു

കോഴിക്കോട്:  മാനസികാരോഗ്യ കേന്ദ്രത്തിലെ വിലാസമറിയാത്ത അന്തേവാസികള്‍ക്ക് നാട്ടിലെത്താന്‍ പുതുവഴി തുറക്കുന്നു. രോഗം ഭേദമായിട്ടും നാടോ വീടോ ബന്ധുക്കളെയോ തിരിച്ചറിയാതെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് ആധാര്‍കാര്‍ഡ് വഴി തങ്ങളുടെ വീടുകളിലേക്ക് തിരിച്ചെത്താനുള്ള മാര്‍ഗ്ഗമാണ് തെളിഞ്ഞിരിക്കുന്നത്. വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷനുകളുടെ വിതരണം സുഗമമാക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയാണ് ഇവര്‍ക്ക് തുണയാകുന്നത്.

കഴിഞ്ഞ ഫെബ്രുവരി ഒന്നാം തീയതി ജില്ലാ ഭരണകൂടത്തിന്റെയും മാനികാരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ അക്ഷയ പ്രൊജക്ടിന്റെയും നേതൃത്വത്തില്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹായത്തോടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ആധാര്‍ എന്റോള്‍മെന്റില്‍ 255 പേര്‍ക്ക് ആധാര്‍കാര്‍ഡ് തയ്യാറാക്കിയിരുന്നു. ഇതില്‍ 84 പേര്‍ മുന്‍പ് കാര്‍ഡ് ഉള്ളവരായിരുന്നു. യഥാര്‍ത്ഥ പേര് വീട്, സ്ഥലം എന്നിവ തിരിച്ചറിയാത്തവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

യുഐഡിഎഐ യുടെ സഹായത്തോടെ ഇതില്‍ 31 പേരുടെ പേരും വിലാസവും കണ്ടെത്താന്‍ സാധിച്ചു. ജില്ലാ അക്ഷയ കേന്ദ്രം സ്വരൂപിച്ച വിവരങ്ങള്‍ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.രാജേന്ദ്രന് കൈമാറി. രോഗം ഭേദമായിട്ടും വിലാസമറിയാത്തതിനാല്‍ ആശുപത്രിയില്‍ കഴിയുന്ന നിരവധി പേര്‍ക്ക് ഇതിലൂടെ സ്വന്തം വീട്ടില്‍ തിരിച്ചെത്താനുള്ള വഴിയാണ് തുറന്നിരിക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *