ബാലുശേരി ജ്വല്ലറിയില്‍ മോഷണം
ബാലുശേരി: നഗര മധ്യത്തിലെ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം. സ്വര്‍ണവും വെള്ളിയാഭരണങ്ങളും കടക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടു. ബാലുശ്ശേരി ടൗണില്‍ ഗാന്ധി പാര്‍ക്കിനടുത്തുള്ള മഞ്ഞിലാസ് ജ്വല്ലറിയിലാണ് തിങ്കളാഴ്ച പുലര്‍ച്ച നാലുമണിയോടെ മോഷണം നടന്നത്. കാറിലെത്തിയ മോഷ്ടാക്കള്‍ ജ്വല്ലറിയുടെ ഷട്ടര്‍ കമ്ബിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് അകത്തുകടന്നത്.
വില്പനക്കായി ബോക്സുകളിലായി സൂക്ഷിച്ച 30 കിലോ വരുന്ന വെള്ളിയാഭരണങ്ങളും 30 ഗ്രാം സ്വര്‍ണവും മേശയില്‍ സൂക്ഷിച്ച മുപ്പതിനായിരം രൂപയും മോഷ്ടാക്കള്‍ കൊണ്ടുപോയതായി ഉടമ സി.ടി. ഫ്രാന്‍സിസ് പറഞ്ഞു. കാറിലെത്തിയ രണ്ടംഗ മോഷ്ടാക്കള്‍ കടക്കുള്ളില്‍നിന്ന് വെള്ളിയാഭരണമടങ്ങിയ ബോക്സുകളും മേശവലിപ്പും പുറത്തേക്ക് കൊണ്ടുവന്ന് പ്ലാസ്റ്റിക് ചാക്കിലാക്കി കാറില്‍ കയറ്റുന്ന ചിത്രങ്ങള്‍ സമീപത്തെ കടയില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കോട്ടിട്ട മോഷ്ടാക്കള്‍ മുഖം കാണാതിരിക്കാനായി മങ്കി കാപ്പും ധരിച്ചിട്ടുണ്ട്.
കടക്കുള്ളില്‍നിന്ന് പുറത്തേക്കു കൊണ്ടുവന്ന മേശവലിപ്പിലും വെള്ളിയാഭരണ ബോക്സുകളിലും മോഷ്ടാവ് വെള്ളം ഒഴിക്കുന്നതും കാമറയില്‍ കാണാവുന്നതാണ്. 18 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ജ്വല്ലറി ഉടമ പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. ബാലുശ്ശേരി പൊലീസ് അസി. സബ് ഇന്‍സ്പെക്ടര്‍ ഗിരീഷിെന്റ നേതൃത്വത്തിലെത്തിയ പൊലീസും വടകരയില്‍നിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. ബാലുശ്ശേരിയിലെ ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സന്ധ്യ റോഡിലൂടെ കുറച്ചുദൂരം ഓടിയ പൊലീസ് നായ് പിന്നെ തിരിച്ചുവരുകയായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.