KOYILANDY DIARY

The Perfect News Portal

പൊലീസ് ഡോഗ് സ്ക്വാഡിലേക്ക് നാലു ശ്വാനന്മാര്‍ കൂടിയെത്തി

നാദാപുരം: കോഴിക്കോട് റൂറല്‍ ജില്ലയില്‍ പൊലീസ് ഡോഗ് സ്ക്വാഡിലേക്ക് നാലു ശ്വാനന്മാര്‍ കൂടിയെത്തി. ലാബ്രഡോര്‍, ഡോബര്‍മാന്‍ വിഭാഗങ്ങളില്‍പ്പെട്ട രണ്ടു വീതം നായകളാണ് കഴിഞ്ഞ ദിവസം പയ്യോളിയിലെ ക്യാമ്ബിലെത്തിയത്. തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ ഒമ്ബത് മാസത്തെ പരിശീലനം നല്‍കിയ ശേഷമാണ് ഇവയെ ക്യാമ്ബിലെത്തിച്ചത്.

ടൈസണ്‍, ജാങ്കോ എന്നീ പേരുള്ള രണ്ട് ആണ്‍ നായകളും, ബോണി, ലക്കി എന്നീ പേരുള്ള രണ്ട് പെണ്‍ നായകളുമാണെത്തിയത്. ടൈസണും ലക്കിയും സ്നിഫര്‍ വിഭാഗത്തിലും, ബോണിയും ജാങ്കോയും ട്രാക്കര്‍ വിഭാഗത്തിലും പരിശീലനം ലഭിച്ചവയാണ്. നാല് നായകള്‍ക്കും ഓരോ വയസ്സാണ് പ്രായം. ഇവയില്‍ മൂന്നെണ്ണം പയ്യോളിയിലും ഒന്ന് താമരശ്ശേരി സബ് ഡിവിഷനു കീഴില്‍ ബാലുശേരിയിലുമാണുള്ളത്.

ഇവയില്‍ ഓരോ നായകള്‍ക്കും രണ്ട് വീതം പരിശീലകരാണുള്ളത്.  നാദാപുരം സബ് ഡിവിഷണു കീഴില്‍ കെനല്‍ ക്ലബ്ബ് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റൂറല്‍ പൊലീസ് മേധാവി എം.കെ.പുഷ്കരന്‍ പറഞ്ഞു. ഇതിനായി 52 ലക്ഷം രൂപയുടെ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.

Advertisements

നാദാപുരം മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഫോടനവും സ്ഫോടക വസ്തു ശേഖരണവും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡോഗ് സ്ക്വാഡ് ശക്തമാക്കുന്നത്. കൂടാതെ മോഷണക്കേസുകളും ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ പയ്യോളി നിന്നാണ് ഡോഗ് സ്ക്വാഡിന്റെ സേവനം മറ്റിടങ്ങളിലേക്ക് എത്തിക്കുന്നത്. നാദാപുരത്ത് ഡോഗ് സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പൊലീസിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *