KOYILANDY DIARY

The Perfect News Portal

പെരുകിവരുന്ന പ്ളാസ്റ്റിക് മാലിന്യപ്രശ്നത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍

കോഴിക്കോട് > നഗരത്തില്‍ പെരുകിവരുന്ന പ്ളാസ്റ്റിക് മാലിന്യപ്രശ്നത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. വിവിധ കേന്ദ്രങ്ങളില്‍ പ്ളാസ്റ്റിക് മാലിന്യം ഇടാന്‍ ബിന്നുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ദേശാഭിമാനിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ളാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പിഴ ഈടാക്കുന്നതടക്കമുള്ള നടപടികള്‍ വേണ്ടിവരും. റോഡരികുകളില്‍ മാലിന്യം തള്ളുന്ന പ്രവണതക്ക് ഇത് ഒരു പരിധിവരെ തടയിടും. പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുകയാണ് പ്രധാനം. കോര്‍പറേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത ഉറപ്പാക്കും. എല്ലാ വിഭാഗത്തിലും സമ്പൂര്‍ണ കംപ്യൂട്ടര്‍വത്കരണം കൊണ്ടുവരണമെന്നാണ് ആഗ്രഹം. അഴിമതിമുക്തമായ ഓഫീസിനായി നഗരസഭയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും മേയര്‍ പറഞ്ഞു.