KOYILANDY DIARY

The Perfect News Portal

കോരപ്പുഴയിൽ ഒഴുക്ക്‌ വീണ്ടെടുക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു

കോഴിക്കോട്: കോരപ്പുഴയിൽ റെയിൽവേ പാലം മുതൽ അഴിമുഖം വരെ ചെളിയും മണലും നീക്കി സ്വാഭാവിക ഒഴുക്ക്‌ വീണ്ടെടുക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. ബുധനാഴ്ച കോരപ്പുഴയിൽ ബേപ്പൂർ മറൈൻ സർവേ സംഘം ഹൈഡ്രോഗ്രാഫിക് സർവേ ആരംഭിച്ചു. സുരക്ഷിതമായി ചെയ്യാവുന്ന സ്ഥലങ്ങളിൽ സർവേ നടപടികൾ പൂർത്തിയായി. ജിപിഎസ്, എക്കോ സൗണ്ടർ, ഹൈഡ്രോഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ എന്നിവ ഉപയോഗിച്ചാണ് സർവേ. തിങ്കൾ വൈകിട്ട് തിരുവനന്തപുരം തുറമുഖ ഹൈഡ്രോഗ്രാഫിക് കാര്യാലയത്തിൽനിന്ന്  നിർദേശം ലഭിച്ചതോടെയാണ്‌ അടിയന്തര സർവേ ആരംഭിച്ചത്.

മഴയില്ലെങ്കിൽ വ്യാഴാഴ്ച സർവേ പൂർത്തിയാകും. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും.  ബേപ്പൂരിലെ മറൈൻ സർവേ വിഭാഗത്തിലെ ചീഫ് ഡ്രാഫ്റ്റ്സ്മാൻ ജോർജ് സെബാസ്റ്റ്യൻ, സർവേ സ്രാങ്ക് ടി പി മണി, കസാബ് സദാശിവൻ, ഫീൽഡ് അസി. സുമിത എന്നിവരാണ് സർവേ സംഘത്തിലുണ്ടായത്‌. രണ്ട് വള്ളങ്ങളിലായി  സഞ്ചരിച്ചാണ്‌ സർവേ.ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് 2019ൽ ടെൻഡർ നടപടി പൂർത്തിയായശേഷം പ്രവൃത്തി ആരംഭിക്കുന്നത്.

2017ൽ ഭരണാനുമതി ലഭിച്ച 3.75 കോടി രൂപയുടെ പദ്ധതി ഏറ്റെടുത്ത കരാർ കമ്പനി ജലസേചന വകുപ്പിനെതിരെ കോടതിയിൽ നിരന്തരം വ്യവഹാരത്തിലേർപ്പെട്ടതിനെ തുടർന്ന് വൈകുകയായിരുന്നു. പരാതി ഹൈക്കോടതി തള്ളിയശേഷവും പ്രവൃത്തി നടത്താത്തതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തി. റീടെൻഡർ നടപടികൾക്കുശേഷം പുതിയ കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്. കമ്പനി പ്രതിനിധികൾ 25ന് പ്രദേശം സന്ദർശിച്ച് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.

Advertisements


Leave a Reply

Your email address will not be published. Required fields are marked *