KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ബജറ്റ് 53,35,20,000 രൂപ വരവും 58,18,92000 ചെലവും; വൈസ് ചെയർ പേഴ്‌സൺ വി.കെ പത്മിനി അവതരിപ്പിച്ചു

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭ ബജറ്റ് വൈസ് ചെയർ പേഴ്‌സൺ വി.കെ പത്മിനി അവതരിപ്പിച്ചു. ചെയർമാൻ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. 53,35,20,000 രൂപ വരവും 58,18,92000 ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കൊയിലാണ്ടി നഗരസഭയെ വിഷരഹിത കൃഷി ഉത്പാദന മേഖലയാക്കുമെന്ന പ്രഖ്യാപിച്ച് പദ്ധതിയ്ക്ക് 25 ലക്ഷം രൂപ മാറ്റി വച്ചു. ജൈവപച്ചക്കറി വിപണന കേന്ദ്രം സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപയും, വിദ്യാലയങ്ങളിൽ ജൈവ പച്ചക്കറി കൃഷി വികസനത്തിന് 2 ലക്ഷം രൂപയും, വിദ്യാർത്ഥികൾ ജൈവ പച്ചക്കറി കൃഷിയ്ക്ക് 1 ലക്ഷം രൂപയും വകയിരുത്തി. കന്നുകുട്ടി പരിപാലനത്തിന് 10 ലക്ഷവും, ക്ഷീരകർഷകർക്ക് സബ്‌സിഡി നൽകുന്നതിന് 5 ലക്ഷം രൂപയും നീക്കിവച്ചു. കുടുംബശ്രീ കാർഷിക വിപണന കേന്ദ്രത്തിന് 2 ലക്ഷവും, വനിതാ വിശ്രമ കേന്ദ്രത്തിന് 5 ലക്ഷവും നീക്കിവച്ചു. നടേരി, വീയ്യൂർ, പന്തലായനി വില്ലേജുകളിൽ വൃദ്ധരുടെ ക്ഷേമത്തിന് പകൽ വീടുകൾ സ്ഥാപിക്കും. ഇതിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 3 ലക്ഷവും വകയിരുത്തി. പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിന് 10 ലക്ഷം വകയിരുത്തി. നഗരസഭയിൽ വർക്കിങ്ങ് വിമൻസ് ഹോസ്റ്റൽ സ്ഥാപിക്കുന്നതിന് 1 ലക്ഷവും വകയിരുത്തി. കംഫർട്ട് സ്‌റ്റേഷൻ ആധുനികവൽക്കരിക്കുന്നതിന് 25 ലക്ഷം, താലൂക്കാശുപത്രി മുഖേന നഗരസഭ നടപ്പാക്കി വരുന്ന പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 15 ലക്ഷം, ആധുനിക അറവുശാലയ്ക്ക് 25 ലക്ഷം, ഗവ: ഗേൾസ് ഹയർ സെക്കൺറി സ്‌ക്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 25 ലക്ഷം, ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌ക്കൂൾ ലാബിന് 20 ലക്ഷം, ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌ക്കൂളിന് 20 ലക്ഷം, മാപ്പിള ഹയർ സെക്കണ്ടറി സ്‌ക്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 20 ലക്ഷവും നീക്കിവച്ചു. കൊല്ലം മത്സ്യമാർക്കറ്റിന് 5 കോടി രൂപ അനുവദിച്ചു. തീരദേശ കമ്മ്യൂണിറ്റി ഹാൾ സ്ഥാപിക്കുന്നതിന് 5 ലക്ഷം, ഫയര്‍‌സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 1 ലക്ഷം, സമഗ്ര കുടിവെളള പദ്ധതിയ്ക്ക് 25 ലക്ഷം അനുവദിച്ചു.