KOYILANDY DIARY

The Perfect News Portal

എട്ട് വയസുകാരന്‍ പൊലീസ് കമ്മീഷണറായി ചുമതല ഏറ്റെടുത്തു

ഹൈദരാബാദ്> അപൂര്‍വ്വ രോഗമായ തലാസൈമിയ ബാധിച്ച എട്ട് വയസുകാരന്‍ ഹൈദരാബാദില്‍ പൊലീസ് കമ്മീഷണറായി. ഗുരുതര രോഗങ്ങളുള്ള കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ച് കൊടുക്കുന്ന മേയ്ക്ക് എ വിഷ് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒയുടെ ശ്രമഫലമായാണ് രൂപ് അരോണ എന്ന എട്ട് വയസുകാരന്‍ ഒരുദിവസത്തേക്ക് കമ്മീഷണറായത്. സ്‌കൂള്‍ അധ്യാപകന്റെ മകനായ രൂപിന് ഓരോ 25 ദിവസം കൂടുന്തോറും രക്തം മാറ്റേണ്ടതായുണ്ട്. രൂപിന്റെ ആഗ്രഹം അറിഞ്ഞ മേയ്ക്ക് എ വിഷ് ഫൗണ്ടേഷന്‍ ഹൈദരാബാദ് പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലാണ് വിജയത്തിലെത്തിയത്.  കഴിഞ്ഞ വ്യാഴാഴ്ചയാണ് രൂപ് പൊലീസ് കമ്മീണറായി ചുമതല ഏറ്റെടുത്തത്. ചുമതല ഏറ്റെടുത്ത ഉടനേതന്നെ തീരുമാനമാകാതെ കിടന്ന അവധി അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ കുറ്റകൃത്യങ്ങള്‍ അടിച്ചമര്‍ത്തുമെന്നും രൂപ് പ്രസ്താവിച്ചു. രൂപ് തന്റെ ജോലി സന്തോഷത്തോടെ ചെയ്തു എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രൂപിന്റെ രക്തത്തിലെ ഇരുമ്പിന്റെ അളവ് എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കണം. അല്ലെങ്കില്‍ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ തകരാറിലാകും. ജീവിതകാലം മുഴുവനും ജീവന്‍ നിലനിര്‍ത്താനായി മരുന്നും ഭക്ഷണ ക്രമീകരണവും അവശ്യമാണ്. രൂപിനേപ്പോലെയുള്ള കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മേയ്ക്ക് എ വിഷ് ഫൗണ്ടേഷന്‍. ഇത്തരം കുട്ടികള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വസവും നല്‍കുക എന്നതാണ് സംഘടന ഉദ്ദേശിക്കുന്നത്.