KOYILANDY DIARY

The Perfect News Portal

കായലാട്ട് രവീന്ദ്രന്‍ നാടക പ്രതിഭാ അവാര്‍ഡ് അരങ്ങാടത്ത് വിജയന്

കൊയിലാണ്ടി>  മൂന്നാമത് കായലാട്ട് രവീന്ദ്രന്‍ സ്മാരക നാടക പ്രതിഭാ അവാര്‍ഡ് പ്രശസ്ത നടന്‍ അരങ്ങാടത്ത് വിജയന് നല്‍കുമെന്ന് അനുസ്മരണ സമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു. പതിനായിരത്തിഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് അവാര്‍ഡ്. വിത്സന്‍ സാമുവല്‍, ടി.വി ബാലന്‍, മേലൂര്‍ വാസുദേവന്‍, എന്നിവരടങ്ങിയതാണ് അവാര്‍ഡ് നിര്‍ണ്ണയ സമിതി. കായലാട്ട് രവീന്ദ്രന്റെ മൂന്നാം ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 22ന് കൊയിലാണ്ടി പുതിയ സ്റ്റാന്റിന് സമീപം നടന്‍ മാമുക്കോയ ഉദ്ഘാടനം ചെയ്യുന്ന അനുസ്മരണ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി അവാര്‍ഡ് സമര്‍പ്പിക്കും.

1969ല്‍ ഫ്രന്റ്‌സ് തീയറ്റേഴ്‌സിലൂടെ അമേച്വര്‍ നാടകരംഗത്തേക്കുവന്ന അരങ്ങാടത്ത് വിജയന്‍ കൊയിലാണ്ടിയിലെ പി.വി.കെ.എം., ശോഭന ആര്‍ട്‌സ്, റെഡ് കര്‍ട്ടന്‍ എന്നീ സമിതികളുടെ നാടകങ്ങളില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക ് ജീവന്‍ നല്‍കി. പ്രൊഫഷണല്‍ നാടക സമിതികളായ കോഴിക്കോട് സംഗമം, കലിംഗ, രംഗശ്രീ, പ്രക്ഷക ക്രിയേഷന്‍സ് എന്നിവയില്‍ കെ.ടി മുഹമ്മദ്, നെല്ലിക്കോട് ഭാസ്‌ക്കരന്‍, ജോസ് ചിറമ്മല്‍, എം കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, ഇബ്രാഹിം വേങ്ങര, വിജയന്‍ വി. നായര്‍, കെ.ആര്‍ മോഹന്‍ദാസ്, ശാന്താദേവി, ചെമഞ്ചേരി നാരായണന്‍ നായര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. കോഴിക്കോട് സംഗമം തീയറ്റേഴ്‌സിന്റെ “ശാരദ” എന്ന നാടകത്തിന്റെ അഭിനയത്തിന് സംസ്ഥാന പ്രൊഫഷണല്‍ നാടകത്തിനുളള അവാര്‍ഡ് ലഭിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മേലൂര്‍ വാസുദേവന്‍, ഇ.കെ അജിത്ത്, കെ.കെ സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.