KOYILANDY DIARY

The Perfect News Portal

എകെജി സെന്റർ ആക്രമണം; യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് പിടിയിൽ

തിരുവനന്തപുരം : എ കെ ജി സെന്റർ ബോംബാക്രമണക്കേസിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ കസ്‌റ്റഡിയിൽ. ആറ്റിപ്ര മണ്ഡലം ‌യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ജിതിനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫിസിൽ ജിതിനെ ചോദ്യം ചെയ്യുകയാണ്.

ജിതിനാണ് സ്‌ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ജൂലൈ 30 ന് അര്‍ദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. പ്രതികളെ കണ്ടെത്താൻ കഴിയാത്തത് പോലീസിനും സർക്കാരിനും വലിയ തലവേദനയാണ് ഉണ്ടാക്കിയത്.

ജിതിന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.

Advertisements

ഇയാള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളുമായി ഇതുസംബന്ധിച്ച് ഗൂഢാലോചന നടത്തിയോ എന്നതുള്‍പ്പെടെ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കവിടിയാര്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുകയാണ്.