KOYILANDY DIARY

The Perfect News Portal

ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയായ വനമിത്രയ്ക്ക് തുടക്കമായി

പെരുവണ്ണാമൂഴി: ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയായ വനമിത്രയ്ക്ക് ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് തുടക്കമായി. കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനാണ് സംസ്ഥാനത്ത് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. സാമൂഹികനീതിവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിര്‍വഹിച്ചു.

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് സാമൂഹിക പരിരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് വനമിത്ര പദ്ധതിയെന്നും മന്ത്രി പറഞ്ഞു. വായ്പകള്‍ നല്‍കുന്നതിന് പുറമെ പാവപ്പെട്ടവരായ സ്ത്രീകളെ സഹായിക്കാന്‍ കാര്യമായ പദ്ധതികള്‍ വനിതാ വികസന കോര്‍പ്പറേഷന് മുമ്ബുണ്ടായിരുന്നില്ല. അതിന് ഇപ്പോള്‍ മാറ്റം വരികയാണ്. മേഖലയിലെ വലിയ തൊഴില്‍ കേന്ദ്രമാക്കി മാറ്റി സംസ്ഥാനത്തിന് ഇത് മാതൃകയാകണമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതി വിജയകരമായാല്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ആദിവാസി സമൂഹത്തില്‍ വലിയ മാറ്റം വരുത്താന്‍ ഇതിന് കഴിയണം. ആരംഭശൂരത്വമായി അവസാനിക്കാതിരിക്കാന്‍ ഉത്പന്നങ്ങള്‍ക്ക് ശരിയായ മാര്‍ക്കറ്റ് കണ്ടെത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Advertisements

മുതുകാട് കോമണ്‍ ഫെസിലിറ്റി സെന്ററിലാണ് കേന്ദ്രം തുടങ്ങിയത്. പരിശീലനം നല്‍കി ആദിവാസി വനിതകള്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കി, സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദിവാസി വനിതകള്‍ക്കും കുട്ടികള്‍ക്കും ആരോഗ്യസംരക്ഷണത്തിനും സഹായം ലഭ്യമാക്കുന്നുണ്ട്.

മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.എസ്. സലീഖ, മാനേജിങ് ഡയറക്ടര്‍ വി.സി. ബിന്ദു, ഡയറക്ടര്‍ മാധവി അമ്മ, പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് കെ. സുനില്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ സുജാത മനയ്ക്കല്‍, ഷൈല ജയിംസ്, ഷീന പുരുഷു, കെ.കെ. ബിജു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *