RSSനെയും മോഡിയെയും വിമർശിച്ചതിന് ജോൺ ബ്രിട്ടാസിന്റെ പ്രസംഗം സഭാധ്യക്ഷൻ പലവട്ടം തടസ്സപ്പെടുത്തി

ഡൽഹി: രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയ്‌ക്കിടെ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം സഭാധ്യക്ഷൻ ജഗ്‌ദീപ് ധൻഖർ പലവട്ടം തടസ്സപ്പെടുത്തി. സംഘപരിവാറിനെയും ആർഎസ്‌എസിനെയും, മോദിയെയും ബ്രിട്ടാസ് പ്രസംഗത്തിൽ നിശിതമായി വിമർശിച്ചതാണ് ധൻഖറെ ചൊടിപ്പിച്ചത്. ചോരുന്ന ചോദ്യപേപ്പറുകൾ ആർഎസ്‌എസ്‌പ്രചാരകർക്കാണ് ലഭിക്കുന്നതെന്ന ബ്രിട്ടാസിന്റെ പരാമർശം രേഖയിൽ നിന്ന് നീക്കാൻ ധൻഖർ ആവശ്യപ്പെട്ടു.

ആർഎസ്‌എസ് എന്ന വാക്ക് എന്നുമുതലാണ് ‘അൺപാർലമെന്ററി’ ആയി മാറിയതെന്ന് ബ്രിട്ടാസ് സഭാധ്യക്ഷനോട് ചോദിച്ചു. ബ്രിട്ടാസിന്റെ പ്രസംഗം വഴിതെറ്റി പോവുകയാണെന്നും ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നും ധൻഖർ പറഞ്ഞു. താങ്കളാണ് വഴിതെറ്റിക്കാൻ ശ്രമിക്കുന്നതെന്ന് ബ്രിട്ടാസ് തിരിച്ചടിച്ചു. പ്രസംഗം സഭാധ്യക്ഷൻ തന്നെ തടസ്സപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും ബ്രിട്ടാസ് പറഞ്ഞു. ബിജെപി അംഗങ്ങളും പലവട്ടം ഇടപെട്ടു.

