KOYILANDY DIARY

The Perfect News Portal

നാശത്തിൻ്റെ വക്കിലായ നായാടന്‍പുഴ പുനരുജ്ജീവനം യാഥാര്‍ഥ്യമാകുന്നു

നായാടന്‍പുഴ പുനരുജ്ജീവനത്തിന് 4.87 കോടി രൂപയുടെ പദ്ധതി. കൊയിലാണ്ടി: ചെളിയും പുല്ലും പായലും നിറഞ്ഞ്‌ നാശത്തിന്റെ വക്കിലായ നടേരിയിലെ  നായാടന്‍പുഴ പുനരുജ്ജീവനം യാഥാര്‍ഥ്യമാകുന്നു. നായാടന്‍ പുഴ വീണ്ടെടുക്കാന്‍ 4.87 കോടി രൂപയുടെ പദ്ധതിയാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയത്‌. വെളിയണ്ണൂര്‍ ചല്ലി നെല്‍കൃഷി വികസനത്തോടൊപ്പമാണ്  നായാടന്‍ പുഴയുടെ പുനരുദ്ധാരണം. വെളിയണ്ണൂർ ചല്ലിയുടെ ഭൂരിഭാഗവും പേരാമ്പ്ര മണ്ഡലത്തിലും നായാടൻ പുഴയുടെ ഭൂരിഭാഗവും കൊയിലാണ്ടി മണ്ഡലത്തിലുമാണ്.
പുഴയുടെ അരികുകൾ കെട്ടുകയും ചളി നീക്കുകയും ചെയ്യും. വെളിയണ്ണൂർ ചല്ലിയുടെ ഭാഗമായി നിർമിക്കുന്ന പമ്പ് ഹൗസിനായി സ്ഥലം ലഭിക്കാത്തതിനാലാണ് പദ്ധതി വൈകുന്നത്.
ഒരുകാലത്ത് നടേരിയിലെ പ്രധാന ശുദ്ധജല സ്രോതസ്സായിരുന്ന നായാടൻ പുഴ കുറ്റ്യാടി ജലസേചനപദ്ധതിക്കായി മണ്ണിട്ടുനികത്തി കനാല്‍ നിര്‍മിച്ചതോടെയാണ്   ഒഴുക്ക്  നിലച്ച്‌ തടാകമായത്. ഇതോടെ  ചെളി നിറഞ്ഞു. പായലും താമരയും പടര്‍ന്നു. കുളിക്കാന്‍ പോലും ആളുകള്‍ വരാതായി. വ്യത്യസ്ത കുടിവെള്ളപദ്ധതികള്‍ക്കായി പുഴ നികത്തി കിണറും പമ്പ് ഹൗസും പണിതതോടെ  നാശം പൂര്‍ണമായി.
Advertisements
കനാല്‍ നിര്‍മിക്കാനായി  നികത്തിയിടത്ത് മണ്ണെടുത്ത്‌  ബോക്‌സ് കൽവെര്‍ട്ട് നിര്‍മിക്കുകയോ അക്വഡക്ട് നിർമിക്കുകയോ വേണം. പുഴയുടെ  നീരൊഴുക്ക് വിണ്ടെടുക്കാൻ  കുറ്റ്യാടി ജലസേചന വകുപ്പ് അധികൃതര്‍ പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. കൊയിലാണ്ടി- അരിക്കുളം റോഡ് നായാടന്‍ പുഴ മുറിച്ചുകടക്കുന്നിടത്തും സമാനരീതിയില്‍ ബോക്‌സ് കൽവെര്‍ട്ട് പണിയണം. ഇക്കാര്യത്തില്‍ പിഡബ്ല്യുഡി പദ്ധതി തയ്യാറാക്കണം.