‘ഓപ്പറേഷൻ തൂഫാൻ’: ഐജിആർ നിശാന്തിനിയെ പുതിയ നോഡൽ ഓഫീസറായി ആഭ്യന്തര വകുപ്പ് നിയമിച്ചു
.
രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ‘ഓപ്പറേഷൻ തൂഫാൻ’ നോഡൽ ഓഫീസർ സ്ഥാനത്ത് നിർണ്ണായക മാറ്റം. ഐജി പുട്ടവിമലാദിത്യയെ സ്ഥാനത്തുനിന്നും മാറ്റി പകരം ഐജിആർ നിശാന്തിനിയെ പുതിയ നോഡൽ ഓഫീസറായി ആഭ്യന്തര വകുപ്പ് നിയമിച്ചു. പുട്ടവിമലാദിത്യ അവധിയിൽ പ്രവേശിച്ചതിനാലാണ് മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ഈ നടപടിക്ക് പിന്നിൽ വലിയ ദുരൂഹത നിലനിൽക്കുന്നുണ്ട്.

എംഡിഎംഎ കേസിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായതിന് പിന്നാലെ ഉണ്ടായ രാഷ്ട്രീയ വിവാദങ്ങളാണ് ഈ പെട്ടെന്നുള്ള മാറ്റത്തിന് ആധാരമെന്ന് കരുതപ്പെടുന്നു. ഈ അറസ്റ്റ് മുഖ്യമന്ത്രിയെക്കൂടി വിവാദ നിഴലിലാക്കിയ സാഹചര്യത്തിലാണ് നോഡൽ ഓഫീസറെ മാറ്റാൻ സർക്കാർ തീരുമാനിച്ചത്. ചുമതല മാറ്റിയത് സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകാൻ ആഭ്യന്തര വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ഓപ്പറേഷൻ തൂഫാന്റെ നേതൃത്വത്തിൽ വന്ന ഈ അപ്രതീക്ഷിത മാറ്റം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കാം.

അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിയായ എംഎഡിഎംഎ കേസ് പ്രതികൾക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധം. കേസിലെ മുഖ്യപ്രതിയായ സലാമിന് പ്രമുഖ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുഖ്യപ്രതി സലാം, കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻമാരായ തമ്മനം ഷാജി, അനസ് പെരുമ്പാവൂർ എന്നിവരുടെ സംഘങ്ങളിൽ പ്രവർത്തിച്ചിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.




