എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് ആശ്വാസം; മരുന്ന് വില കുറച്ച് രോഗികളിലേക്ക് എത്തിക്കാൻ സ്റ്റാർട്ടപ്പ് കമ്പനി
.
എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് ആശ്വാസം. നൊവാർട്ടിസ് കമ്പനിയുടെ സോൾജസ്മ എന്ന മരുന്ന് വിലകുറച്ച് രോഗികളുടെ കുടുംബത്തിന് എത്തിക്കുകയാണ് ഒരു സ്റ്റാർട്ടപ്പ് കമ്പനി. മെഡോറ കണക്ട് എന്ന സ്റ്റാർട്ടപ്പ് കമ്പനി 16 കോടി രൂപയുടെ മരുന്നിനെ 9.5 കോടി രൂപയ്ക്കാണ് രോഗികളിലേക്ക് എത്തിക്കുന്നത്.

കോഴിക്കോട് മൂന്ന് എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് വേണ്ടി നടക്കുന്ന ക്രൗഡ് ഫണ്ടിംഗും ഇതേ മരുന്നിനു വേണ്ടിയാണ്. അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി. ഇത് സംസ്ഥാനത്തെ നൂറിലധികം കുഞ്ഞുങ്ങളെയാണ് ഇതിനകം ബാധിച്ചിരിക്കുന്നത്. ഇതിനുള്ള ചികിത്സ ചിലവേറിയതാണ് എന്നതാണ് പല കുടുംബങ്ങളെയും അലട്ടുന്നത്. ഓരോ കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ വേണ്ടി സംസ്ഥാനത്ത് പലയിടങ്ങളിലും നാം ക്രൗഡ് ഫണ്ടിംഗ് നിരവധി കണ്ടു.

കോഴിക്കോടുള്ള മൂന്ന് കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിംഗ് അതിൻറെ അവസാന ഘട്ടത്തിലുമാണ്. അവിടെയാണ് എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങളുടെ കുടുംബത്തിന് ആശ്വാസം പകരാനായി മെഡോറ കണക്ട് എന്ന സ്റ്റാർട്ടപ്പ് സംരംഭം എത്തുന്നത്. കോഴിക്കോടുള്ള കുഞ്ഞുങ്ങൾക്ക് ക്രൗഡ് ഫണ്ടിംഗ് നടക്കുന്നത് നൊവാർട്ടിസിൻ്റെ സോൾജസ്മ എന്ന മരുന്നിനു വേണ്ടിയാണ്. 16 കോടി രൂപയാണ് ഒരു വയൽ മരുന്നിന് വില വരുന്നത്. ജീൻ തെറാപ്പിയായ ഈ മരുന്ന് 9.5 കോടി രൂപയ്ക്കാണ് മെഡോറ കണക്ട് എന്ന സ്റ്റാർട്ടപ്പ് കമ്പനി എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കുക.

പൂർണമായും കസ്റ്റമൈസ് ചെയ്താണ് ഈ മരുന്ന് മറ്റ് ഇടനിലക്കാർ ഇല്ലാതെ മെഡോറ കണക്ട് ലഭ്യമാക്കുക. രണ്ട് വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്കാണ് ഈ മരുന്ന് ഉപയോഗിക്കാൻ സാധിക്കുക. കൂടുതൽ കുഞ്ഞുങ്ങളെ ഈ മരുന്നുകൊണ്ട് ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. മറ്റ് ഇടനിലക്കാർ ഇല്ലാതെ നേരിട്ട് അമേരിക്കയിലെ നെവാർട്ടിസ് കമ്പനിയിൽനിന്നും മരുന്ന് എത്തിക്കുന്നു എന്നതാണ് മെഡോറ കണക്ടിന്റെ പ്രത്യേകത.
നിലവിൽ കാരിഥാസ്, രാജഗിരി എന്നീ രണ്ട് ആശുപത്രികളുമായി സഹകരിച്ച് മരുന്ന് നൽകുന്നതിനുള്ള നടപടികൾ ഈ സ്റ്റാർട്ടപ്പ് കമ്പനി ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് കൂടി സഹകരിക്കുകയാണെങ്കിൽ വലിയ ക്രൗഡ് ഫണ്ടിങ്ങുകൾ ഒഴിവാക്കി എസ്എംഎ രോഗബാധിതരായ കൂടുതൽ കുഞ്ഞുങ്ങളിലേക്ക് ഈ മരുന്ന് എത്തിക്കാൻ സാധിക്കും എന്നതാണ് ഇവരുടെ പ്രതീക്ഷ.



