KOYILANDY DIARY

The Perfect News Portal

ഏപ്രിൽ 1 മുതൽ അവശ്യമരുന്നുകളുടെ വില വർദ്ധിക്കും

ഏപ്രിൽ 1 മുതൽ അവശ്യമരുന്നുകളുടെ വില വർദ്ധിക്കും. അർബുദം, ഹൃദ്രോഗം, പ്രമേഹം എന്നിവയ്‌ക്ക്‌ ഉൾപ്പെടെയുള്ള മരുന്നുകളുടെ വിലയിൽ ഏറ്റവും വലിയ വർദ്ധനവാണ് നാളെ മുതൽ നിലവിൽ വരുന്നത്. 384 അവശ്യമരുന്നുകൾക്കും അവയുടെ ആയിരത്തോളം വകഭേദങ്ങൾക്കും 12.12 ശതമാനം വിലവർധിപ്പിക്കാനാണ്‌ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്.

കേന്ദ്രസർക്കാരിനു കീഴിലുള്ള നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റിയാണ്‌ (എൻപിപിഎ) മൊത്ത വിലനിലവാര സൂചിക വർദ്ധനയ്‌ക്കനുസരിച്ച്‌ അവശ്യമരുന്നുകളുടെ വില കൂട്ടാൻ നിർമാതാക്കൾക്ക്‌ അനുമതി നൽകുന്നത്‌. അവശ്യ മരുന്നുകളുടെ പട്ടികയിൽ ഇല്ലാത്ത മരുന്നുകൾക്ക്‌ പ്രതിവർഷം 10 ശതമാനം വില കൂട്ടാനാണ്‌ സമിതി അനുമതി നൽകാറുള്ളത്‌. അവശ്യ മരുന്നുകൾക്ക്‌ 12 ശതമാനം വില വർദ്ധന ആദ്യമായാണ്‌.

മൊത്ത വ്യാപാര വില സൂചികയുടെ അടിസ്ഥാനത്തില്‍ അവശ്യ മരുന്നുകളുടെ വില വര്‍ഷം തോറും പുതുക്കാറുണ്ട്. സൂചിക അടിസ്ഥാനമാക്കി അവശ്യമരുന്ന് വില പുനഃക്രമീകരിക്കാം എന്നാണ് നിയമത്തില്‍ പറയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 23 ശതമാനം വിലയാണ് അവശ്യമരുന്നുകള്‍ക്ക് കൂടിയത്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇതൊരു തിരിച്ചടിയാണ്.

Advertisements

മരുന്നു വില നിയന്ത്രണ അതോറിറ്റി മരുന്നുകമ്പനികളുടെ താൽപ്പര്യം മാത്രമാണ്‌ സംരക്ഷിക്കുന്നതെന്നും അവശ്യമരുന്നുകളുടെ വില എല്ലാ വർഷവും കുത്തനെ ഉയർത്തുന്നത്‌ ഇതിന്‌ തെളിവാണെന്നും കേരള മെഡിക്കൽ ആൻഡ്‌ സെയിൽസ്‌ റെപ്രസൻ്റേറ്റീവ്‌ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് ജനറൽ സെക്രട്ടറി തോമസ്‌ മാത്യു പറഞ്ഞു.