KOYILANDY DIARY

The Perfect News Portal

ലൈസൻസില്ലാതെ സൂക്ഷിച്ച വൻ പടക്ക ശേഖരം പിടികൂടി

ലൈസൻസില്ലാതെ സൂക്ഷിച്ച വൻ പടക്ക ശേഖരം പിടികൂടി. കോഴിക്കോട്‌: പുതിയപാലം കല്ലുത്താൻ കടവിലെയും വടകര കരിമ്പനപ്പാലത്തെയും നോവ പാർസൽ സർവീസ്‌ സെൻ്ററിൽ നിന്നാണ്‌ പടക്കശേഖരം പിടികൂടിയത്. കസബ എസ്‌.ഐ ജഗ്‌മോഹൻ ദത്തിൻ്റെ നേതൃത്വത്തിലാണ് കല്ലുത്താൻ കടവിൽ നിന്ന് 1500 കി.ഗ്രാം സ്‌ഫോടക വസ്‌തുക്കൾ പിടിച്ചെടുത്തു.
ഉച്ചക്ക് 12 മുതൽ രാത്രി 8 വരെ പരിശോധന തുടർന്നു. പൊലീസിന് പുറമെ ബോംബ് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു. ലൈസൻസുളള പടക്ക വില്പനക്കാരുടെ പരാതിയിലാണ് കേസെടുത്തത്.
നിരവധി ആളുകളുടെ പേരിൽ ശിവകാശിയിൽ നിന്ന് വാങ്ങിയ പടക്കമാണ് പിടിച്ചെടുത്തത്. സി.പി.ഒ എൻ. പി. അജയൻ, എം.വിജേഷ്, മുഹമ്മദ് സക്കറിയ, എം.കെ ബിനില എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. സ്‌ഫോടക വസ്‌തു നിരോധന നിയമപ്രകാരം കട ഉടമക്കെതിരെ കേസെടുത്തിട്ടുണ്ട്.
Advertisements
ശിവകാശിയിൽ നിന്നും ഓൺലൈനായി എത്തിച്ച 13 പെട്ടി പടക്കമാണ് വടകര  പൊലീസ് റെയ്‌ഡിൽ പിടിച്ചെടുത്തത്. അനധികൃതമായി പടക്കം സൂക്ഷിച്ചതിന് കോയമ്പത്തൂർ സ്വദേശി അലക്സ്, നടക്കുതാഴ സ്വദേശി മുഹമ്മദ് അബ്ദുൾ അസ്‌ലം എന്നിവർക്കെതിരെ  പൊലീസ് കേസെടുത്തു. കൊയിലാണ്ടി, നടുവണ്ണൂർ ഭാഗങ്ങളിൽ നിന്നും ഓൺലൈനായി ഓർഡറുകൾ സ്വീകരിച്ച് വിതരണത്തിന് എത്തിച്ചതാണ് പിടിച്ചെടുത്ത പടക്കങ്ങൾ.
വിഷു അടുത്തതോടെ അനധികൃത പടക്ക വിപണി സജീവമാണ്‌. ശിവകാശിയിൽ നിന്നും ചരക്കു വാഹനങ്ങളിലാണ്‌ പടക്കമെത്തുന്നത്‌. ഇവ വലിയ ഗോഡൗണുകളിൽ സൂക്ഷിച്ചാണ്‌ വിൽപ്പന നടത്തുന്നത്‌. ഓൺലൈനായാണ്‌ വിൽപ്പന. ഫോൺ വഴി ബുക്ക്‌ ചെയ്യുന്നവർക്കും പടക്കമെത്തിച്ചു നൽകുന്നുണ്ട്‌.