KOYILANDY DIARY.COM

The Perfect News Portal

‘ആസ്തിയും സ്വർണത്തിൻ്റെ മൂല്യവും കുറച്ച് കാണിച്ചു’; പ്രതിപക്ഷ നേതാവിന്റെ നാമനിർദേശ പത്രിക മാറ്റിവെച്ചു

.

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു. പറവൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടൈസണ്‍ മാസ്റ്ററുടെ പരാതിയിലാണ് നടപടി. ഔദ്യോഗിക വാഹനത്തിന്റെ പെനാല്‍റ്റി അടിച്ചിട്ടില്ല, സ്വര്‍ണത്തിന്റെ മൂല്യം കുറച്ച് കാണിച്ചു എന്ന ആരോപണം ഉന്നയിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാതി നല്‍കിയത്.

 

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും ആനുകൂല്യവും എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ, തുക എത്ര എന്ന് പറഞ്ഞിട്ടില്ല തുടങ്ങിയ പരാതികളാണ് ഉന്നയിച്ചിരിക്കുന്നത്. അഭിഭാഷകൻ ആണെന്ന് പറഞ്ഞെങ്കിലും വരുമാനത്തെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും പരാതിയിൽ പറയുന്നു. സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്താണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതില്‍ എതിര്‍പ്പുമായി ടൈസണ്‍ മാസ്റ്റര്‍ രംഗത്തെത്തിയത്.

അതേസമയം നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയും പരാതിയുണ്ട്. നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥനാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 200 കോടി രൂപയുടെ സ്വത്ത് മറച്ചുവെച്ചുവെന്നാണ് പരാതി. ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നുപറഞ്ഞാണ് പരാതി നല്‍കിയത്.

 

പിന്നാലെ രാജീവ് ചന്ദ്രശേഖറിന്റെ സൂക്ഷ്മ പരിശോധന തത്കാലം മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ മറച്ചുവെച്ചതായി നിലവില്‍ ഒരു പരാതിയുണ്ട്. കോണ്‍ഗ്രസ് ആണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ബെംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചതായാണ് പരാതി.

Share news