KOYILANDY DIARY

The Perfect News Portal

കുപ്പിവെള്ളത്തിൻ്റെ ശുദ്ധത ഉറപ്പ് വരുത്താൻ വ്യാപക പരിശോധന നടത്തും: വീണാ ജോര്‍ജ്

കുപ്പിവെള്ളത്തിൻ്റെ ശുദ്ധത ഉറപ്പ് വരുത്താൻ വ്യാപക പരിശോധന നടത്തും: വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി ഇന്നു മുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് എല്ലാ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും. വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പുതിയ നടപടിയെന്നും മന്ത്രി പറഞ്ഞു.

ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിര്‍ജലീകരണത്തിന് സാധ്യതയുള്ളതിനാൽ  ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കണം. കുടിയ്ക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തി കുടിയ്ക്കുക. ശുദ്ധജലത്തില്‍ നിന്നുമുണ്ടാക്കിയ ഐസ് മാത്രമേ പാനീയങ്ങളില്‍ ഉപയോഗിക്കാവൂ. കടകളില്‍ നിന്നും വാങ്ങുന്ന കുപ്പിവെള്ളം കുടിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

  • കുപ്പിവെള്ളത്തില്‍ ഐ.എസ്‌.ഐ മുദ്രയുണ്ടെന്ന് ഉറപ്പു വരുത്തണം.
  • പ്ലാസ്റ്റിക് ബോട്ടിലിൻ്റെ സീല്‍ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പു വരുത്തണം. കുപ്പിയുടെ അടപ്പിലെ സീല്‍ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.
  • വലിയ കേനുകളില്‍ വരുന്ന കുടിവെള്ളത്തിനും സീല്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക.
  • കടകളില്‍ വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങള്‍ വാങ്ങിക്കാതിരിക്കുക.
  • കുടിവെള്ളം, മറ്റു ശീതള പാനീയങ്ങള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ കടകളില്‍ തൂക്കി ഇടുന്നതും വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ട് പോകുന്നതും വളരെ ആരോഗ്യ പ്രശ്ങ്ങള്‍ സൃഷ്‌ടിക്കും.
  • അധിക നേരം പ്ലാസ്റ്റിക് കുപ്പികള്‍ വെയില്‍ ഏല്‍ക്കുമ്പോള്‍ അതില്‍ നിന്നും കെമിക്കല്‍ ലീക്കുണ്ടായി ആരോഗ്യത്തിന് ഹാനികരമാകാന്‍ സാധ്യതയുണ്ട്.
  • വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ തുറന്ന വാഹനങ്ങളില്‍ കുപ്പിവെള്ളവും മറ്റ് പാനീയങ്ങളും വിതരണത്തിനായി കൊണ്ട് പോകരുത്.