തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ചു താഴെയിട്ടു

പത്തനംതിട്ട: തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ചു താഴെയിട്ടു. തിരുവല്ല പൊലീസ് സ്റ്റേഷന് മുന്‍പില്‍ വെച്ചായിരുന്നു സംഭവം. തിരുവല്ല സ്വദേശി ജോജോയാണ് മദ്യലഹരിയില്‍ യുവതിയെ വലിച്ച് താഴെയിട്ടത്.

മദ്യപിച്ച് ബൈക്കിലെത്തിയ ജോജോ തിരുവല്ല പൊലീസ് സ്റ്റേഷനിലെ പൊലീസുകാരോട് കയര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ, വാഹനം പിടിച്ചുവച്ച് ഇയാളെ സ്റ്റേഷനില്‍ നിന്ന് പറഞ്ഞുവിടുകയായിരുന്നു. സ്റ്റേഷനില്‍ നിന്ന് തിരുവല്ല റോഡില്‍ എത്തിയ ജോജോ ബൈക്കില്‍ വരികയായിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിടുകയായിരുന്നു.

റെയില്‍വേ സ്റ്റേഷനില്‍ സഹോദരിയെ ഇറക്കിയശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. പരിക്ക് സാരമല്ലെങ്കിലും യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

