യുവാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍

പാറശാല: യുവാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍. മാരായമുട്ടം പെരുങ്കടവിള അഖില്‍ നിവാസില്‍ അഖില്ദേവിനെയാണ് (25) മാരായമുട്ടം പൊലീസ് പിടികൂടിയത്. കഴിഞ്ഞ 29 ന് പെരുങ്കടവിളയില്‍ പൂക്കട നടത്തുന്ന ബൈജു എന്ന് വിളിക്കുന്ന ശ്രീജിത്തിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് മുട്ടത്തറ, ശ്രീവരാഹം, കോവളം തുടങ്ങിയ ഭാഗങ്ങളില്‍ ഒളിച്ചു കഴിയുകയായിരുന്നു ഇയാള്‍.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തെരഞ്ഞാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ രാവിലെ പെരുങ്കടവിള ഭാഗത്തുണ്ടെന്നുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇന്‍സ്പെക്ടര്‍ മൃദുല്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒമാരായ സേതുനാഥ്, സനല്‍കുമാര്‍, സനല്‍ ബാബു തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിന്തുടര്ന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

