KOYILANDY DIARY.COM

The Perfect News Portal

ലോക്കപ്പ് മര്‍ദ്ദനത്തെ തുടർന്ന്‌ യുവാവ് കുഴഞ്ഞുവീണു

കോഴിക്കോട്: അത്തോളിയില്‍ യുവാവിനെ നഗ്നനാക്കി ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയാക്കിയതായി പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലുശ്ശേരി സ്വദേശി അനൂപ് ആണ് മര്‍ദ്ദനത്തിന് ഇരയായത്. അത്തോളി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രഘുവാണ് മര്‍ദ്ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന അനൂപ് പറഞ്ഞു.

വീട്ടിലെത്തി കുളിമുറിയില്‍നിന്ന് അനൂപിനെ വലിച്ചിഴച്ച്‌ കൊണ്ടുപോകുയായിരുന്നെന്നാണ് അനൂപ് പറയുന്നത്. തടയാന്‍ ശ്രമിച്ച ഭാര്യയെയും അമ്മയെയും പോലീസ് അസഭ്യം പറഞ്ഞു. പോലീസ് ജീപ്പില്‍ വെച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയും തലമുടി പിടിച്ചു പറിക്കുകയും ചെയ്തു. ലോക്കപ്പിലെത്തിച്ച്‌ വസ്ത്രം ഊരിക്കളഞ്ഞ് നഗ്നനാക്കി നിര്‍ത്തി. ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും കൈ പിടിച്ച്‌ തിരിക്കുകയും ചെയ്തു. പിന്നീട് സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ അനൂപ് സ്റ്റേഷനു മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഒരു കല്യാണവീട്ടില്‍ മദ്യപിച്ചെത്തിയ ചില പോലീസുകാര്‍ അവിടെയുള്ളവര്‍ അസഭ്യം പറഞ്ഞതിനെ ഒരു സംഘം യുവാക്കള്‍ ചോദ്യംചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് അനൂപ് അടക്കമുള്ള യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത അനൂപിനെ 10 മണിക്കൂറോളം ലോക്കപ്പില്‍ സൂക്ഷിച്ചതായും ജാമ്യം നല്‍കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

മര്‍ദ്ദിച്ച പോലീസുകാരനെതിരായി അത്തോളി പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് അനൂപ് പറയുന്നു. അതേസമയം, മര്‍ദ്ദിച്ചിട്ടില്ലെന്നാണ് അത്തോളി പോലീസ് പറയുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!