പുതുതലമുറയെ മനസ്സിലാക്കാൻ രക്ഷിതാക്കളും മാറണം: “നെക്സ്റ്റ് ജെൻ പാരന്റിംഗ്” ക്ലാസ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി: മാറിവരുന്ന കാലഘട്ടത്തിൽ കുട്ടികളുടെ ചിന്തകളും പെരുമാറ്റ രീതികളും മനസ്സിലാക്കി അവരോടൊപ്പം സഞ്ചരിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. സംഘടിപ്പിച്ച ‘നെക്സ്റ്റ് ജെൻ പാരന്റിംഗ്’ ക്ലാസ് ശ്രദ്ധേയമായി. കുട്ടികളെ വളർത്തുന്നതിലെ പരമ്പരാഗത സമീപനങ്ങൾക്കൊപ്പം പുതിയ കാലത്തിന്റെ ആവശ്യങ്ങളും പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം ക്ലാസിൽ വിശദീകരിച്ചു.

അജിത് കുമാർ സി.എസ് നയിച്ച ക്ലാസിൽ പുതിയ തലമുറയിലെ കുട്ടികളുടെ സ്വഭാവരീതികളിലും ചിന്തകളിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിലെ വെല്ലുവിളികൾ, കുട്ടികളുടെ അഭിപ്രായങ്ങൾക്ക് നൽകേണ്ട പരിഗണന, പഠനത്തിലും ജീവിതത്തിലും ഉണ്ടാകുന്ന സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യാൻ രക്ഷിതാക്കൾ നൽകേണ്ട പിന്തുണ തുടങ്ങിയ വിഷയങ്ങൾ വിശദമായി പ്രതിപാദിച്ചു.

ഐടിഐ കുറുവങ്ങാട് പ്രിൻസിപ്പൽ എൻ.കെ. മുരളി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് എ. സജീവ് കുമാർ, എസ്.എം.സി. ചെയർമാൻ പ്രവീൺകുമാർ, ഷൈനി ഒ (സബ്ജില്ലാ ജാഗ്രത സമിതി കൺവീനർ) സ്റ്റാഫ് സെക്രട്ടറി നവീന ബിജു എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ എൻ.വി. പ്രദീപ് കുമാർ സ്വാഗതവും ശാന്തി എ.കെ. നന്ദിയും പറഞ്ഞു.



