കോഴിക്കോട് മെഡിക്കൽ കോളേജിൽ സൗജന്യമായിരുന്ന 14 പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തി യുഡിഎഫ് സർക്കാർ
.
സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സൗജന്യമായിരുന്ന പരിശോധനകൾക്ക് യുഡിഎഫ് സർക്കാർ ഫീസ് ഏർപ്പെടുത്തി. കാൻസർ പരിശോധനകൾക്ക് അടക്കം ഫീസ് കുത്തനെ വർധിപ്പിച്ചത് പാവപ്പെട്ടവർക്ക് ഇരുട്ടടിയാകും. കാൻസർ കണ്ടെത്തുന്നതിനുള്ള ബയോപ്സി പരിശോധന ഉൾപ്പെടെ പാത്തോളജി ലാബിൽ 14 പരിശോധനകൾ സൗജന്യമായിരുന്നു.

ബയോപ്സി പരിശോധനയ്ക്ക് ഇനി മുതൽ 150 രൂപ നൽകേണ്ടി വരും. ഫൈബ്രിനോജൻ പരിശോധനയ്ക്ക് 500 രൂപയും, രക്തം കട്ടപിടിക്കുന്നത് കണ്ടെത്താനുള്ള ലൂപ്പസ് ആന്റി കോഗുലന്റ് പരിശോധനയ്ക്ക് 800 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ള ഫീസ്. ഇതിൽ വലയുന്നതാകട്ടെ സർക്കാർ ആശുപത്രിയിൽ മാത്രം ആശ്രയിക്കുന്ന പാവപ്പെട്ടവൻ. സൗജന്യമായിരുന്ന ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ പതിവ് പരിശോധനകൾക്കും പണം ഈടാക്കുന്നുണ്ട്.

പരിശോധനകൾക്ക് ഉപയോഗിക്കുന്ന റീജൻ്റുകളുടെ അടക്കം ചെലവ് വർധിച്ചതാണ് ഫീസ് ഈടാക്കാൻ കാരണമെന്നാണ് വിശദീകരണം. കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഫീസ് ഈടാക്കാൻ തീരുമാനിച്ചത്.




