നെന്മാറ ഇരട്ടകൊലപാതക കേസിൽ ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച് പ്രഖ്യാപിക്കും
.
നെന്മാറ ഇരട്ടകൊലപാതക കേസിൽ ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച് പ്രഖ്യാപിക്കും. കൊല ചെയ്യപ്പെട്ട സജിത – സുധാകര ദമ്പതികളുടെ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകാമെന്ന് ചെന്താമര അറിയിച്ചതായി നിയമസഹായവേദിയുടെ മിറ്റിഗേഷൻ റിപ്പോർട്ട്. അഭിഭാഷകർക്ക് മുന്നിൽ കരഞ്ഞതായും പരാമർശം. പ്രതിയെ സഹായിക്കാൻ റിപ്പോർട്ടിൽ ശ്രമമെന്ന് പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി. മിറ്റിഗേഷൻ റിപ്പോർട്ടിലെ ചില കണ്ടെത്തലുകളിൽ കോടതിയും സംശയം പ്രകടിപ്പിച്ചു.

14, 15 തിയതികളിൽ ചെന്താമരയെ ജയിലിൽ സന്ദർശിച്ച നിയമസഹായവേദി അഭിഭാഷകരായ വിജിൻ, രാധാകൃഷ്ണൻ എന്നിവർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടും, അതിന്റെ അടിസ്ഥാനത്തിൽ ചീഫ് ഡിഫൻസ് കൗൺസിൽ തയ്യാറാക്കിയ മിറ്റിഗേഷൻ റിപ്പോർട്ടും കോടതി പരിഗണിച്ചു. മലമ്പുഴ ജില്ലാ ജയിലിലെ കൂടിക്കാഴ്ച്ചയിലെ രണ്ടാം ദിനം മനസ് തുറന്ന ചെന്താമര ഭാര്യയേയും മകളുടേയും പേര് പറഞ്ഞ് കരഞ്ഞു.

വെട്ടുകത്തി കൊണ്ട് അതിക്രൂരമായി കൊലപ്പെടുത്തിയ സജിത – സുധാകര ദമ്പതികളുടെ മക്കളുടെ സാമ്പത്തിക ചിലവ് ഏറ്റെടുക്കാമെന്ന വിചിത്രവാദവും ചെന്താമര മുന്നോട്ട് വെച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രതി പറഞ്ഞത് മാത്രം രേഖപ്പെടുത്തിയ റിപ്പോർട്ടിൽ വസ്തുകളൊന്നുമില്ല. വിചാരണയിലുടനീളം പശ്ചാത്താപമോ, മനസ്ഥാപമോ ചെന്താമര പ്രകടിപ്പിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടികാട്ടി. മെറ്റിഗേഷൻ റിപ്പോർട്ടിലും തെറ്റുകൾ നിരവധിയുണ്ട്.

പാപിയെ അല്ല പാപത്തേയാണ് വെറുക്കേണ്ടതെന്ന ബൈബിൾ വാക്യം ഉദ്ധരിച്ച് വധശിക്ഷയിൽ നിന്നും ഇളവ് വേണമെന്നായിരുന്നു ചെന്താമരയുടെ അഭിഭാഷകന്റെ വാദം. ഒരു മണിക്കൂറോളം നീണ്ട വാദം പൂർത്തിയാക്കിയ കോടതി അന്തിമവിധി പ്രഖ്യാപനത്തിലേയ്ക്ക് കടക്കുന്നതായി അറിയിച്ചു. ഈ മാസം 20-ാം തിയതി തിങ്കളാഴ്ച്ച അതിവേഗ കോടതി ജഡ്ജി കെന്നത് ജോർജ് ശിക്ഷാ വിധി പുറപ്പെടുവിക്കും.



