റോഡിന്റെ അരികിലെ അപകടക്കെണി: അടിയന്തര ഇടപെടൽ വേണമെന്ന് നാട്ടുകാർ
.
കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം മുതൽ കൊയിലാണ്ടി വരെയുള്ള ഭാഗത്ത് റീടാറിങ് പൂർത്തിയായെങ്കിലും റോഡിന്റെ ഇരുവശങ്ങളിലും മണ്ണിട്ട് ഉയർത്തുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലാത്തത് അപകടങ്ങൾക്ക് വഴിവെക്കുന്നതായി പരാതി. റോഡിനേക്കാൾ താഴ്ന്ന നിലയിലാണ് പല ഭാഗങ്ങളിലെയും അവസ്ഥ. ഇതുമൂലം ഇരുചക്രവാഹനങ്ങളും മുച്ചക്ര വാഹനങ്ങൾ ഉൾപ്പെടെ തെന്നി അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.
.

.
റോഡിൽ നിന്ന് താഴേക്ക് തെന്നിയിറങ്ങിയാൽ വീണ്ടും വാഹനം റോഡിലേക്ക് കയറ്റുന്നത് ഏറെ ദുഷ്കരമാണ്. മഴയെ തുടർന്ന് റോഡരികിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ആഴം തിരിച്ചറിയാൻ കഴിയാതെ വാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും വർധിച്ചിരിക്കുകയാണ്. റോഡരികിലെ ഉയരവ്യത്യാസം അടിയന്തരമായി പരിഹരിച്ച് മണ്ണിട്ട് നിരപ്പാക്കുകയോ ആവശ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് ചെയ്യുകയോ ചെയ്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുകയാണ്. മഴക്കാലത്ത് അപകടസാധ്യത കൂടുതലായതിനാൽ വൈകാതെ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം.



