പഴകിയ സമൂസകൾ കണ്ടെത്തി; കുരുടിമുക്കിലെ ‘കോഫി ഇൻ’ അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
.
പേരാമ്പ്ര കുരുടിമുക്കിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന സമൂസ നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെട്ട് നിർത്തിവെപ്പിച്ചു. കുരുടിമുക്കിലെ ‘കോഫി ഇൻ’ എന്ന സ്ഥാപനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ഇവിടെ പരിശോധന നടത്തിയത്.

പരിശോധനയിൽ ആയിരത്തോളം സമൂസകൾ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവയുടെ സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ തന്നെ ഇവിടെ നിർമ്മിക്കുന്ന സമൂസകൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനത്തിന് നോട്ടീസ് നൽകുകയും താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ ഭക്ഷ്യസുരക്ഷാ അധികൃതർ സ്ഥാപന ഉടമയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.




