KOYILANDY DIARY.COM

The Perfect News Portal

ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി; ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

.

ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യന്‍ സമയം ഇന്നു രാത്രി 10.55 ഓടെ ചന്ദ്രമണ്ഡലത്തിന്റെ സ്വാധീനത്തില്‍ നിന്നും ഒറൈണ്‍ പേടകം പുറത്തു കടക്കും. ചന്ദ്രോപരിതലത്തില്‍ നിന്നും 6545 കിലോമീറ്റര്‍ അടുത്തുവരെയെത്തിയ പേടകത്തിലെ സഞ്ചാരികള്‍ സൂര്യഗ്രഹണത്തിനും സാക്ഷിയായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലൂണാര്‍ ഫ്ളൈബൈയ്ക്കുശേഷം യാത്രികരുമായി സംസാരിച്ചു.

ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലോടെയാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലെ നാലു സഞ്ചാരികളെ വഹിക്കുന്ന ഒറൈണ്‍ പേടകം ലൂണാര്‍ ഫ്ളൈബൈ ആരംഭിച്ചത്. അതിനു മുമ്പായി ഭൂമിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോര്‍ഡ് യാത്രികര്‍ നേടി. അപ്പോളോ 13 ദൗത്യത്തിലെ യാത്രികരുടെ റെക്കോര്‍ഡ് ആണ് ആര്‍ട്ടെമിസ് 2 ഭേദിച്ചത്. ഏഴു മണിക്കൂറോളം നീണ്ട ചന്ദ്രനെ വലംവയ്ക്കുന്ന ദൗത്യത്തില്‍, പുലര്‍ച്ചെ 4.14ന് പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ 40 മിനിട്ടു സമയം പേടകത്തില്‍ നിന്നും ഭൂമിയിലേക്കും തിരിച്ചുമുള്ള സിഗ്‌നലുകള്‍ തടസ്സപ്പെട്ടു. പുലര്‍ച്ചെ 4.32-ന് ചന്ദ്രോപരിതലത്തില്‍ നിന്നും പേടകം ഏറ്റവും അടുത്തുനില്‍ക്കുന്ന, 6545 കിലോമീറ്ററിലെത്തി. പുലര്‍ച്ചെ 6.05 മുതല്‍ 53 മിനിറ്റോളം സൂര്യഗ്രഹണത്തിനും പേടകത്തിലെ സഞ്ചാരികള്‍ സാക്ഷിയായി.

 

 

സൂര്യഗ്രഹണ കാഴ്ചയോടെ ആര്‍ട്ടെമിസ് ടു ദൗത്യം ചാന്ദ്രനിരീക്ഷണദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. മൂന്നു ദിവസവും 22 മണിക്കൂറും 31 മിനിറ്റുമെടുത്താണ് ഭൂമിയിലേക്ക് പേടകം മടങ്ങിയെത്തുന്നത്. ഇന്നു രാത്രി 10.55 ഓടെ ചന്ദ്രന്റെ സ്വാധീനമണ്ഡലത്തില്‍ നിന്നും പേടകം പുറത്തുകടക്കും. ഏപ്രില്‍ 11ന് പുലര്‍ച്ചെ 5.37-നാണ് പസഫിക് സമുദ്രത്തില്‍ പേടകം സ്പാഷ്ഡൗണ്‍ ചെയ്യുന്നത്. പേടകത്തെ ഹെലികോപ്ടറുകള്‍ വീണ്ടെടുത്ത് യു എസ് എസ് ജോണ്‍ പി മുര്‍ത്ത എന്ന കപ്പലിലെത്തിക്കും. കപ്പലില്‍ സഞ്ചാരികളെ വൈദ്യപരിശോധനകള്‍ക്കു വിധേയമാക്കിയശേഷം, വിമാനത്തില്‍ നാസയുടെ ഹൂസ്റ്റണിനിലെ ജോണ്‍സണ്‍ സ്പേസ് സെന്ററിലേക്ക് എത്തിക്കുന്നതോടെ ദൗത്യം പൂര്‍ത്തിയാകും.

 

Share news
error: Content is protected !!