KOYILANDY DIARY.COM

The Perfect News Portal

തുമ്പയിലെ വിക്രം സാരാഭായി സ്പെയ്‌സ് സെന്ററിൽ നടന്ന ഐഎസ്ആർഒ റോക്കറ്റ് വിക്ഷേപണത്തിന് സാക്ഷിയായി ലിറ്റില്‍ മാസ്റ്റേഴ്സ് ടീം

.

വടകര: തുമ്പയിലെ വിക്രം സാരാഭായി സ്പെയ്‌സ് സെന്ററിൽ നടന്ന ഐഎസ്ആർഒ റോക്കറ്റ് വിക്ഷേപണത്തിന് സാക്ഷിയായതിൻ്റെ സംതൃപ്തിയിലാണ് ലിറ്റില്‍ മാസ്റ്റേഴ്സ് ടീം. കഴിഞ്ഞ വര്‍ഷത്തെ എൽഎസ്എസ് പരീക്ഷയില്‍ മികവിന്റെ അടിസ്ഥാനത്തിൽ ഓരോ ഉപജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 വീതം കുട്ടികളാണ് ലിറ്റില്‍ മാസ്റ്റേഴ്സ്‌ പ്രോഗ്രാമിലെ അംഗങ്ങള്‍. മേലടി, വടകര, നാദാപുരം, കൊയിലാണ്ടി, തോടന്നൂര്‍, ചോമ്പാല, കുന്നുമ്മല്‍ സബ്ജില്ലകളിലെ 70 ലിറ്റില്‍ മാസ്റ്റേഴ്സ് അംഗങ്ങളും അവരെ അനുഗമിച്ച 30 ശാസ്ത്രാധ്യാപകരും അടങ്ങിയ ടീം മേലടി എഇഒ പി ഹസീസ്, അധ്യാപകരായ കെ പി മൊയ്തു, ടി വി സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.

 

വിക്രം സാരാഭായി സ്പെയ്‌സ് മ്യൂസിയം, ഐഎസ്ആർഒ ഗാലറി എന്നിവ സന്ദര്‍ശിക്കുകയും റോക്കറ്റ് വിക്ഷേപണം നേരില്‍ കാണുകയും ചെയ്ത സംഘം ബഹിരാകാശ ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ള വിദഗ്ധരുമായി ആശയ വിനിമയവും നടത്തി. വിവിധ തരം റോക്കറ്റുകള്‍, അവയുടെ ഉപയോഗങ്ങള്‍, നിര്‍മാണ ഘട്ടങ്ങള്‍, വിക്ഷേപണ സംവിധാനങ്ങള്‍, വിക്ഷേപണത്തിന് സ്വീകരിക്കുന്ന മുന്‍കരുതലുകള്‍, വിവര ശേഖരണം, അവയുടെ വിശകലനവും പ്രയോജനപ്പെടുത്തലും തുടങ്ങിയ കാര്യങ്ങൾ വിഗ്ധരില്‍നിന്നും കേട്ട് മനസ്സിലാക്കുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തു.

Advertisements

 

നിയസഭാ മന്ദിരം, നിയമസഭാ മ്യൂസിയം, ജി കാര്‍ത്തികേയന്‍ മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ചാണ് ലിറ്റില്‍ മാസ്റ്റേഴ്സ് ടീം തിരുവനന്തപുരത്തുനിന്നും മടങ്ങിയത്. വടകര എഇഒമാരായ സുനില്‍ കുമാര്‍, രത്നവല്ലി, മഞ്ജു എന്നിവരും യാത്രാസംഘത്തെ അനുഗമിച്ചു.

Share news