KOYILANDY DIARY.COM

The Perfect News Portal

‘വിഷൻ 2031’ കേരള ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തു; മുഖ്യമന്ത്രി

.

കേരളത്തിന്റെ ഭാവി വികസനത്തിനായി സംഘടിപ്പിച്ച ‘വിഷൻ 2031’ കോൺഫറൻസ് കേരള ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്താണ് സമാപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രമുഖ സാങ്കേതിക വിദഗ്ധരെ ഈ ചർച്ചയുടെ ഭാഗമാക്കാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

ചില കേന്ദ്രങ്ങൾ ഈ സെമിനാർ തടയാനും നടക്കാതിരിക്കാനും ശ്രമിച്ചിരുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. എന്നാൽ അത്തരം ശ്രമങ്ങളൊന്നും വിജയിച്ചില്ലെന്നും, വികസനത്തെക്കുറിച്ചുള്ള ഇത്തരം സംവാദങ്ങൾ കേരളത്തിന്റെ ഭാവിക്ക് വലിയ മുതൽകൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്തതും പുതുമയുള്ളതുമായ ഈ സെമിനാർ പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്നതിൽ വിജയിച്ചുവെന്നും ഇത് ജനങ്ങളുടെ ആത്മവിശ്വാസം ഉയർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

Advertisements

 

ചർച്ചകളിൽ ഉയർന്ന ആശയങ്ങളിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കും. കൂടുതൽ പഠനം ആവശ്യമായ വിഷയങ്ങളിൽ പ്രത്യേകം റിപ്പോർട്ടുകൾ തയ്യാറാക്കും. സർക്കാർ, അർദ്ധ സർക്കാർ ഏജൻസികൾ വഴി പദ്ധതികൾ പ്രായോഗികമാക്കും. സമ്മേളനത്തിൽ പങ്കെടുത്ത മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യരുടെ വാക്കുകൾക്ക് മുഖ്യമന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം ഏറ്റവും വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. കോൺഫറൻസിൽ പങ്കെടുത്ത ഓരോരുത്തർക്കും മുഖ്യമന്ത്രി കൃതജ്ഞത അറിയിച്ചു.

Share news