ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഇനി ആശങ്കവേണ്ട, കൂട്ടിന് പൊൽ ആപ്പുണ്ടാകും
.
കോഴിക്കോട്: ട്രെയിനിൽ ഒറ്റയ്ക്ക് യാത്രചെയ്യുമ്പോൾ ഇനി ആശങ്കവേണ്ട, കൂട്ടിന് പൊൽ ആപ്പുണ്ടാകും. ട്രെയിനുകളിൽ സുരക്ഷിത യാത്ര ഒരുക്കുകയാണ് കേരള പൊലീസിന്റെ പൊൽ ആപ്പ്. സ്ത്രീകൾ ഉൾപ്പെടെയുള്ളവര്‍ക്ക് ഏറെ പ്രയോജനകരമായ റെയിൽ മൈത്രി സേവനങ്ങൾ ആപ്പിലൂടെ ലഭ്യമാകും. റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലുമായി പൊൽ ആപ്പ് സേവനങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നുണ്ട്.

ഇതിലൂടെ രണ്ടുമാസത്തിനുള്ളിൽ പരമാവധി പൊതുജനങ്ങളിലേക്ക് റെയിൽ മൈത്രി സേവനം എത്തിക്കുകയാണ് ലക്ഷ്യം. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുടെ കോച്ച് നമ്പർ, തീവണ്ടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ, യാത്രക്കാരുടെ ഫോട്ടോ എന്നിവ റെയിൽ മൈത്രിയിൽ പങ്കുവെച്ചാൽ റെയിൽവേ പൊലീസ് കൺട്രോൾ റൂം മുഖേന ഇവരെ നിരീക്ഷിക്കും. സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ കടകളുടെ വിശദാംശങ്ങൾ, തീവണ്ടി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഹസ്യമായി പൊലീസുമായി പങ്കുവെയ്‌ക്കൽ, യാത്രയ്ക്കിടയിൽ സാധനങ്ങൾ നഷ്ടപ്പെട്ടാൽ അതിന്റെ അന്വേഷണവും തുടർവിവരം എന്നീ സേവനങ്ങളും ഇതുവഴി സാധ്യമാണ്.

തീവണ്ടിയിലോ പാളത്തിലോ പ്ലാറ്റ്ഫോമിലോ അനിഷ്ട സംഭവങ്ങളുണ്ടായാൽ പൊലീസിനെ അറിയിക്കാനും ആപ്പിലൂടെ എളുപ്പമാകും. ഒറ്റയ്ക്ക് യാത്രചെയ്യുന്ന കുട്ടികൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവര്‍ക്ക് പൊലീസിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമെങ്കിൽ ആപ്പ് ഉപകാരപ്രദമാകുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ പൊൽ ആപ്പ് ഡൗൺലോഡ് ചെയ്ത് റെയിൽ മൈത്രി സേവനം ഉപയോഗിക്കാവുന്നതാണ്.




