KOYILANDY DIARY.COM

The Perfect News Portal

മണിയൻപിള്ള രാജുവിന് ജാമ്യം; നടന്റെ വാഹനം പൊലീസ് കസ്റ്റഡിയിൽ

.

വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. മണിയൻപിള്ള രാജു ഓടിച്ച കാർ കഴിഞ്ഞ ദിവസം രാത്രിയാണ് വഴുതക്കാട് ബൈക്കിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടം ഉണ്ടായ ഉടൻ തന്നെ വാഹനം നിർത്താതെ പോയത് മണിയൻപിള്ള രാജുവിനെതിരെ വലിയ വിമർശനമായിരുന്നു. വൈദ്യ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് തുടർനടപടി സ്വീകരിക്കും.

 

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽവെച്ച് അപകടം ഉണ്ടായത്. നടൻ മണിയൻപിള്ള രാജു ഓടിച്ചിരുന്ന ആഡംബര കാറായ വോൾവോ ട്രിവാൻഡ്രം ക്ലബ്ബിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അമിതവേഗതിയിൽ വന്ന ബൈക്കിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടം ഉണ്ടായ ഉടൻ തന്നെ ബൈക്കിൽ ഉണ്ടായിരുന്ന രണ്ട് യുവാക്കളും റോഡിന് മറുവശത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. മണിയൻപിള്ള രാജു അപകടം ഉണ്ടായ ഉടൻ വാഹനം നിർത്താതെ പോയി എന്നതാണ് ഉയരുന്ന വലിയ ആക്ഷേപം.

Advertisements

 

നിലവിൽ മൂന്നു വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും മണിയൻപിള്ള രാജുവിനെ അറസ്റ്റ് ചെയ്തതും. മദ്യപിച്ചാണോ മണിയൻപിള്ള രാജു വാഹനം ഓടിച്ചത് എന്നത് ഉൾപ്പെടെ പരിശോധിക്കുന്നതിനായി വൈദ്യ പരിശോധനയും പൊലീസ് നടത്തി. തുടർന്ന് മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിച്ച മണിയൻപിള്ള രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മനപ്പൂർവ്വം അല്ല താൻ വാഹനം നിർത്താത്തത് എന്നും അപകട വിവരം പൊലീസിനെ അറിയിക്കാനായി സുഹൃത്തുക്കളെ ചുമതലപ്പെടുത്തിയിരുന്നെന്നും മണിയൻപിള്ള രാജു വിശദീകരിച്ചു.

 

 

മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ല എന്നും ഞങ്ങൾ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചതായും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചതായും മണിയൻപിള്ള രാജുവിന്റെ സുഹൃത്ത് പ്രതികരിച്ചു. അപകടത്തിനുശേഷം മണിയൻപിള്ള രാജു ഓടിച്ചിരുന്ന ആഡംബരക്കാർ ടെന്നീസ് ക്ലബ്ബിന് സമീപത്തായാണ് പാർക്ക് ചെയ്തിരുന്നത്. അവിടെ നിന്നാണ് പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തത്.

 

കാറിൻറെ മുൻവശത്തെ ബോണറ്റ് പൂർണമായും തകർന്ന അവസ്ഥയിലാണ്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവർ രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഒരാൾക്ക് നട്ടെല്ലിനും മറ്റൊരാൾക്ക് കാലിലും സാരമായി പരിക്കുണ്ട്. രക്ത പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസിൽ തുടർനടപടി സ്വീകരിക്കും.

Share news