KOYILANDY DIARY.COM

The Perfect News Portal

കുട്ടി പോലീസിന് പിന്നാലെ ഇനി സ്കൂളുകളിൽ കുട്ടി ഡോക്ടർമാരും; ഫെബ്രുവരി രണ്ടാം വാരം വെളുത്ത കോട്ടുമണിഞ്ഞ് സേവനമാരംഭിക്കും

.

സംസ്ഥാനത്ത് കുട്ടി പോലീസിന് പിന്നാലെ സ്കൂളുകളിൽ ഇനി കുട്ടി ഡോക്ടർമാരും. ആരോഗ്യ കേരളം കൗമാര ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. സ്കൂളിൽ സഹപാഠികളെ കേട്ട് പ്രശ്നങ്ങൾക്ക് പരിഹാര മാർഗം തേടുകയാണ് കുട്ടി ഡോക്ടർമാരുടെ മുഖ്യ ചുമതല. ഇനി സേവന സന്നദ്ധരായി പരിശീലനം പൂർത്തിയാക്കിയ കുട്ടി ഡോക്ടർമാർ വെളുത്ത കോട്ടുകൾ ധരിച്ച് സ്കൂളുകളിലെത്തും. ആരോഗ്യ കേരളം കൗമാര ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് ‘ഞാനും എൻ്റെ കൂട്ടുകാരും’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

കാസർകോഡ് നീലേശ്വരം ആരോഗ്യ ബ്ലോക്കിന് കീഴിൽ ചെറുവത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 70 വിദ്യാർത്ഥികളാണ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. വളർച്ച, ആരോഗ്യവും ആനന്ദവും, ആരോഗ്യകരമായ ശീലങ്ങൾക്ക് ആരോഗ്യമുള്ള മനസ്, പ്രജനന ലൈംഗീക ആരോഗ്യം കൗമാരത്തിൽ, അതിക്രമങ്ങളോടുള്ള പ്രതിരോധം, എൻ്റെ അവകാശങ്ങളും അർഹതകളും, ആരോഗ്യവും പരിസരവും തുടങ്ങി എട്ട് മേഖലകളിലാണ് പരിശീലനം. കൗമാരക്കാരായ വിദ്യാർത്ഥികളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ടാണ് കൗമാര ആരോഗ്യ പദ്ധതി നടപ്പാക്കുന്നത്.

 

അഭിഭാഷകർ, പോലീസ്, കില പരിശീലകർ ആരോഗ്യ രംഗത്തെ വിദഗ്ധർ എന്നിവരാണ് പരിശീലനം നൽകുന്നത്. വിവിധ സ്കൂളുകളിൽ നിന്നുള്ള 12 നോഡൽ അധ്യാപകർ നേരത്തെ പരിശീലനം നേടിയിരുന്നു. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഡിസ്കസ് ത്രോയിൽ റെക്കോർഡ് നേടിയ കായിക താരം ടി. സോന മോഹൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേരളം ആർബിഎസ്കെ നഴ്സുമാർ ചേർന്നാണ് പരിശീലന ക്യാമ്പിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത്. ഫെബ്രുവരി രണ്ടാം വാരം പരിശീലനം പൂർത്തിയാക്കി കുട്ടി ഡോക്ടർമാർ സ്കൂളുകളിലെത്തും.

 

Share news
error: Content is protected !!