ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
.
ലൈംഗികാരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ, പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

അതേസമയം, ഷിംജിതയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പോലീസ് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയിൽ കിട്ടിയ ഷിംജിതയെ മെഡിക്കൽ കോളേജ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ലൈംഗിക ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ നിയമനടപടി സ്വീകരിക്കാതെ, സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വൈറലാകാനുള്ള ശ്രമമാണ് ഷിംജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിൻറെ പരാതി. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ആണ് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുതത്. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്.




