ഇടത് സർക്കാറിന്‍റെ മുൻഗണന അടിസ്ഥാന വിഭാഗങ്ങൾക്ക് പരിഗണന നൽകുക എന്നതാണെന്ന് മന്ത്രി കെഎൻ ബാലഗോപാൽ
.
അടിസ്ഥാന വിഭാഗങ്ങൾക്ക് പരിഗണന കൊടുക്കുക എന്നതാണ് ഇടത് സർക്കാരിന്‍റെ മുൻഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഡിഗ്രി വിദ്യാർത്ഥികൾക്ക് വരെ സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്താനായെന്നും ജനക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാനായെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്‍റെ സംസ്ഥാനത്തോടുള്ള അവഗണനയെയും അദ്ദേഹം വിമർശിച്ചു. കേരളം എത്ര ആവശ്യങ്ങൾ കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്. ഒന്ന് പോലും പരിഗണിക്കപ്പെട്ടില്ല.

കഴിഞ്ഞ തവണ താമരക്കുരുവായിരുന്നു, ഇത്തവണ ആമ സംരക്ഷണമെന്നും അദ്ദേഹം പരിഹസിച്ചു. വളം സബ്സിഡി അടക്കം എല്ലാ മേഖലകളിലും കേന്ദ്രം പണം വെട്ടിക്കുറച്ചു. യുഡിഎഫിന് കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് കാലത്ത് 18 മാസം പെൻഷൻ കുടിശിക വരുത്തിയ കാര്യവും മന്ത്രി ഓർമിപ്പിച്ചു.

പ്രതിപക്ഷത്തിന് എന്തും പറയുന്നതിന് മടിയില്ല. കേരളം കടക്കെണിയിലാണന്നാണ് പ്രതിപക്ഷ ആരോപണം. കേരളം കടക്കെണിയിൽ ആണെങ്കിൽ പുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. വയനാട് തുരങ്ക പാത അടക്കം ഇതിന് ഉദാഹരണമാണ്. ‘എപ്പോഴും കടക്കണിയിലാണെന്ന് എന്തിനാണ് പ്രതിപക്ഷ നേതാവ് പറയുന്നത്? കേരളം തകർന്നു എന്ന് വരുത്താനാണോ?’- മന്ത്രി ചോദിച്ചു. തങ്ങൾ പറഞ്ഞത് കൃത്യമായി കൊടുക്കും. കേരളത്തിലെ ജനങ്ങൾക്ക് അത് അനുഭവമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വന്യമൃഗ ആക്രമണം തുടർന്നുള്ള വിള നാശത്തിനുള്ള നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുമെന്നും കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. എസ് സി/എസ് ടി പ്രമോട്ടർമാരുടെ അലവൻസ് ആയിരം രൂപ വർദ്ധിപ്പിച്ചു. കൈത്തറി അടിസ്ഥാന സൗകര്യ വികസനത്തിനായി 5 കോടിയും പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു.



