ശബരിമല സ്വര്‍ണ്ണക്കൊളള കേസ്; മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് ജാമ്യം
.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാര്‍ ഇന്ന് ജയില്‍മോചിതനാകും. ശബരിമല സ്വർണക്കൊളളയുമായി ബന്ധപ്പെട്ട് മുരാരി ബാബു, ശ്രീകുമാർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് സുധീഷ് കുമാറിന് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചത്.

സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജനുവരി 29-നാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെ കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറിയപ്പോഴും തിരികെ കൊണ്ടുവന്നപ്പോഴും ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. താന്‍ ജോലിയില്‍ പ്രവേശിക്കും മുന്‍പേ മഹസറിന്റെ കരട് മുരാരി ബാബു തയ്യാറാക്കിയിരുന്നുവെന്നാണ് ശ്രീകുമാറിന്റെ വാദം. ഉദ്യോഗസ്ഥനെന്ന നിലയില്‍ ഒപ്പിടുകയെന്നത് ഉത്തരവാദിത്തമായിരുന്നുവെന്നും ശ്രീകുമാര്‍ വാദിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാമിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്ഐടി വിശദമായി ചോദിച്ചത്. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്ഐടിക്ക് മുന്നിൽ മൊഴി നല്‍കിയെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും പലതവണ വീട്ടില്‍ പൂജകള്‍ ചെയ്തിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കി. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ല, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം എസ്‌ഐടിയോട് പറഞ്ഞു. പാളികൾ വീട്ടിലെത്തി പൂജിക്കാൻ പോറ്റി തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും ജയറാം പറഞ്ഞു.

അതേസമയം, കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച്ച വിജിലന്‍സ് കോടതി വാദം കേള്‍ക്കും. എന്‍ വാസുവിനെ 14 ദിവസത്തേക്ക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്‍പ കേസില്‍ തന്ത്രി കണ്ഠരര് രാജീവര് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.



