കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് പരിഗണിക്കാൻ തയ്യാറാകാത്ത ബജറ്റ്; ടി പി രാമകൃഷ്ണൻ
.
കോഴിക്കോട്: കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് പരിഗണിക്കാൻ തയ്യാറാകാത്ത ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എൽഡിഎഫ് സൗത്ത് മണ്ഡലം കമ്മിറ്റി വികസന മുന്നേറ്റ ജാഥയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഒരാവശ്യവും ബജറ്റിൽ പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. ദീർഘകാല ആവശ്യമായ എയിംസ് ഇക്കുറിയും അനുവദിക്കാത്തത് കേരളത്തോടുള്ള അവഗണനയാണ്.

എയിംസ് യാഥാർഥ്യമാക്കാൻ കിനാലൂരിൽ ഭൂമി ഏറ്റെടുക്കലടക്കമുള്ള നടപടികളെല്ലാം പൂർത്തിയാക്കിയതാണ്. അതിവേഗ റെയിൽപ്പാതയെന്ന ആവശ്യവും നിരാകരിക്കപ്പെട്ടിരിക്കുന്നു. വേഗത്തിൽ യാത്രചെയ്യുകയെന്നത് കേരളത്തിന് ആവശ്യമാണ്. ആ ലക്ഷ്യത്തോടെയാണ് സിൽവർ ലൈൻ പദ്ധതി ആവിഷ്കരിച്ചത്. സഹായകരമായ നിലപാടല്ല കേന്ദ്രം ഇതിൽ സ്വീകരിച്ചത്. സിൽവർ ലൈൻതന്നെ വേണമെന്ന ഒരുവാശിയും കേരളത്തിനില്ല. വേഗത്തിൽ യാത്രചെയ്യണമെന്ന ആവശ്യം നിറവേറ്റുകമാത്രമാണ് ലക്ഷ്യം.

വിഴിഞ്ഞം തുറമുഖ വികസനം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്. വിഴിഞ്ഞം പദ്ധതിയോടും കേന്ദ്രസർക്കാർ മുഖംതിരിച്ചിരിക്കയാണ്. ജനങ്ങളെ ചേർത്തുനിർത്തിയ സംസ്ഥാന ബജറ്റും ജനവിരുദ്ധമായ കേന്ദ്ര ബജറ്റും ജനം ചർച്ച ചെയ്യും. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഒരു വശത്ത് നടക്കുന്നത്. അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. വികസന–ക്ഷേമ പ്രവർത്തനങ്ങൾ തുടരാൻ എൽഡിഎഫ് സർക്കാരിന് തുടർച്ചയുണ്ടാകേണ്ടതുണ്ട്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിന് ഭദ്രത നഷ്ടമാകാതിരിക്കാൻ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.




