ശബരിമല സ്വർണ്ണ മോഷണം: അടൂർ പ്രകാശും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം; ചിത്രങ്ങൾ പുറത്ത്
.
ശബരിമല സ്വർണ്ണ മോഷണക്കേസിലെ കോൺഗ്രസ് വീണ്ടും വെട്ടിൽ. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കോൺഗ്രസ് നേതാവ് അടൂർ പ്രകാശും തമ്മിൽ അതീവ അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നു. ഇരുവരും കേരളത്തിന് പുറത്തുവെച്ചും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച നടന്നത് ബംഗളൂരുവിൽ വെച്ച്. പോറ്റിയുടെ കേരളത്തിലെയും ബംഗളൂരുവിലെയും വീടുകളിലെ സ്ഥിരം സന്ദർശകനായിരുന്നു അടൂർ പ്രകാശ് എന്ന് പുറത്തു വന്ന വിവരങ്ങൾ വ്യക്തമാക്കുന്നു.

ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളി കടത്തിക്കൊണ്ടുപോയതിൽ പ്രധാന പങ്കുവഹിച്ച രമേഷ് റാവുവും ഈ കൂടിക്കാഴ്ചകളിൽ അടൂർ പ്രകാശിനൊപ്പം ഉണ്ടായിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പോറ്റിയും രമേഷ് റാവുവും ചേർന്ന് അടൂർ പ്രകാശിന് പലപ്പോഴായി സമ്മാനപ്പൊതികളും പണമടങ്ങിയ കവറുകളും കൈമാറിയതായും ആരോപണമുണ്ട്. ശബരിമല സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധത്തിന്റെ ഫോട്ടോകൾ നേരത്തെയും പുറത്തു വന്നിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടൂർ പ്രകാശ് 2024 ജനുവരി 27ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ബംഗളൂരുവിലെ അയ്യപ്പഭക്തൻ എന്നായിരുന്നു വിശേഷിപ്പിച്ചിട്ടുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും ബംഗളൂരുവിൽനിന്നുള്ള രാഘവേന്ദ്ര, രമേശ് എന്നിവരും നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ദാനം അടൂര്‍ പ്രകാശ് നിര്‍വഹിക്കുന്നതാണ് ചിത്രങ്ങളിൽ ഉണ്ടായിരുന്നത്.




