KOYILANDY DIARY.COM

The Perfect News Portal

മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനിയെ കഴുത്തുഞെരിച്ചു കൊന്നു; കൊല്ലുന്ന രംഗം വാട്‌സാപ്പ് സ്റ്റാറ്റസാക്കി

ചെന്നൈ: ചെന്നൈയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനിയെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു. കൊല്ലുന്ന രംഗം യുവാവ് മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പ് സ്റ്റാറ്റസാക്കി. കൊല്ലം തെന്മല ഊരുകുന്ന് കാമ്പുളിനില്‍ വീട്ടില്‍ ബദറുദ്ദീന്റെ മകള്‍ ഫൗസിയ (20) യാണ് മരിച്ചത്. ഫൗസിയയുടെ കാമുകന്‍ കൊല്ലം സ്വദേശി എം ആഷിഖിനെ (20)അറസ്റ്റു ചെയ്തു.

ചെന്നൈ ക്രോംപെട്ടിലെ ബാലാജി മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥിനിയാണ് ഫൗസിയ. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വെളളിയാഴ്ച ക്രോംപെട്ടിലെ ഹോട്ടലില്‍ ആഷിഖ് ഫൗസിയക്കൊപ്പം മുറിയെടുത്തു. അവിടെവെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ആഷിഖ് തന്റെ ടീഷര്‍ട്ടുകൊണ്ട് ഫൗസിയയുടെ കഴുത്തുമുറുക്കി കൊന്നു.

 

ഈ രംഗം മൊബൈലില്‍ പകര്‍ത്തി ആഷിഖ് വാട്‌സാപ്പ് സ്റ്റാറ്റസാക്കി. ഫൗസിയയുടെ ചില സുഹൃത്തുക്കള്‍ ഈ സ്റ്റാറ്റസ് കണ്ട് ഭയന്ന് വിവരം പോലീസില്‍ അറിയിച്ചു. ഉടന്‍ പോലീസ് സംഘം ഹോട്ടലിലെത്തി ആഷിഖിനെ അറസ്റ്റ് ചെയ്തു. ഫൗസിയയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ക്രോംപെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു മാറ്റി. ആഷിഖും ഫൗസിയയും അടുപ്പത്തിലായിരുന്നെന്നും പ്രായപൂര്‍ത്തിയാവുന്നതിനുമുമ്പ് ഇവര്‍ വിവാഹിതരായെന്നും അതില്‍ ജനിച്ച കുഞ്ഞ് മൈസൂരിലെ ആശ്രമത്തില്‍ കഴിയുകയാണെന്നും പോലീസ് പറയുന്നു.

 

പ്രായപൂര്‍ത്തിയാവാതെ വിവാഹം കഴിച്ചതിനാല്‍ ആഷിഖിനെ നേരത്തെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നതായും പറയുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം വീണ്ടും ആഷിഖ് ഫൗസിയയെ കാണാന്‍ ചെന്നൈയില്‍ താമസമാക്കുകയായിരുന്നു. ആഷിഖിന് മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് ഇരുവരും ഹോട്ടലില്‍ വഴക്കുണ്ടായതെന്ന് പോലീസ് പറഞ്ഞു. 

Share news
error: Content is protected !!