KOYILANDY DIARY

The Perfect News Portal

സി.ബി.ഐ. ഡയറിക്കുറിപ്പ് അഞ്ചാം പതിപ്പ് അടുത്ത വര്‍ഷം

സേതുരാമയ്യരും സി.ബി.ഐ.യും അഞ്ചാം തവണയും വരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ ആയിരിക്കും ചിത്രീകരണം. അഞ്ചാം പതിപ്പുമായി സഹകരിക്കാന്‍ ഒരുക്കമാണെന്ന് മമ്മൂട്ടി അറിയിച്ചതായി തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി പറഞ്ഞു. കെ.മധു തന്നെയാണ് സംവിധാനം.സി.ബി.ഐ.യ്ക്കുശേഷം മമ്മൂട്ടിയും മധുവും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടില്ല.  മമ്മൂട്ടിയെ കൂടാതെ സായ് കുമാറും രഞ്ജി പണിക്കറുമുണ്ട് അഞ്ചാം പതിപ്പില്‍.

1988ലാണ് പരമ്പരയിലെ ആദ്യ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്. ഓമന കൊലക്കേസായിരുന്നു സേതുരാമയ്യര്‍ അന്വേഷിച്ചത്. തുടര്‍ന്ന് അുത്ത വര്‍ഷം ചലച്ചിത്രതാരം അശ്വതിയുടെ മരണം അന്വേഷിക്കാനാണ് സേതുരാമയ്യരും സംഘവും രണ്ടാം തവണയെത്തിയത്. ജാഗ്രതയായിരുന്നു ചിത്രം. അതുകഴിഞ്ഞ് വലിയ ഗ്യാപ്പിനുശേഷം 2004ലാണ് മൂന്നാം ഭാഗം ഇറങ്ങിയത്. സേതുരാമയ്യര്‍ സി.ബി.ഐ. തൊട്ടടുത്ത വര്‍ഷം നാലാം ഭാഗമായ നേരറിയാന്‍ സി.ബി.ഐയും വെള്ളിത്തിരയിലെത്തി.

ഇപ്പോള്‍ പത്ത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മമ്മൂട്ടിയും മധുവും എസ്.എന്‍. സ്വാമിയും ചേര്‍ന്ന് അഞ്ചാം പതിപ്പിനെ കുറിച്ച് ആലോചിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ ബാങ്കിങ് അവേഴ്‌സാണ് മധു ചെയ്ത അവസാന ചിത്രം. ജോഷി-മോഹന്‍ലാല്‍ ചിത്രമായ ലോക്പാല്‍ കഴിഞ്ഞ് രണ്ടു വര്‍ഷത്തെ വിശ്രമത്തിനുശേഷമാണ് എസ്.എന്‍. സ്വാമി വീണ്ടും പേനയെടുക്കുന്നത്.

Advertisements