KOYILANDY DIARY

The Perfect News Portal

വെങ്ങളം-പൂളാടിക്കുന്ന് ബൈപ്പാസ് ജനുവരി മൂന്നാംവാരത്തോടെ തുറന്നുകൊടുക്കും : ജില്ലാ കലക്ടര്‍

കോഴിക്കോട്: വെങ്ങളം-പൂളാടിക്കുന്ന് ബൈപ്പാസ് ജനുവരി മൂന്നാംവാരത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു. മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ആലോചിച്ച് തീയ്യതി നിശ്ചയിക്കും. ബൈപ്പാസ് നിര്‍മ്മാണ പുരോഗതി നേരില്‍ കണ്ട് വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റി പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. നിശ്ചിതസമയത്തിന് മുമ്പ്തന്നെ പാത പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് ചരിത്രം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ബൈപ്പാസ് പ്രവൃത്തി പുരോഗതിയില്‍ ജില്ലാ കലക്ടര്‍ പൂര്‍ണ്ണ തൃപ്തി അറിയിച്ചു.കോഴിക്കോടിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി 28.124 കിലോമീറ്റര്‍ നീളത്തിലാണ് ദേശീയപാത ബൈപ്പാസ് റോഡ് പൂര്‍ത്തിയാവുന്നത്. ബൈപ്പാസിന്റെ അവസാന സ്‌ട്രെച്ചായ 5.1 കി.മീറ്റര്‍ നീളം വരുന്ന പൂളാടികുന്ന്-വെങ്ങളം ഭാഗമാണ് ജനുവരിയില്‍ തുറന്നുകൊടുക്കുക. ദേശീയപാതയുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് പൂളാടികുന്ന്-വെങ്ങളം സ്‌ട്രെച്ചിന്. 152.75കോടി രൂപയാണ് സ്‌ട്രെച്ചിന്റെ നിര്‍മ്മാണ തുക. 480മീറ്റര്‍ നീളവും 13 സ്പാനുമുള്ള കോരപ്പുഴ പാലം, 188 മീറ്റര്‍ നീളവും അഞ്ച് സ്പാനുമുള്ള പുറക്കാട്ടിരി പാലം എന്നിവ പൂളാടികുന്ന്-വെങ്ങളം ഭാഗത്ത് ഉള്‍പ്പെടുന്നു. പി.ഡബ്ലു.ഡി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.കെ. ഹൈദ്രോസ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി. ചന്ദ്രന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റി ഡയറക്ടര്‍ എം.എം. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് വി.കെ. അനന്തന്‍, കെ.എം. മീന, പി. നൂറുദ്ദീന്‍ എന്നിവരും ജില്ലാ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.