KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ത്ഥി കിണറ്റില്‍ വീണുമരിച്ചു

ഭോപ്പാല്‍: ദളിതനായതിനാല്‍ കുടിവെള്ളം എടുക്കുന്നതിന് വിലക്ക് നേരിട്ട വിദ്യാര്‍ത്ഥി കിണറ്റില്‍ വീണുമരിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞ് സ്‌കൂളിലെ ടാപ്പില്‍ നിന്ന് വെള്ളം എടുക്കുന്നതിനിടെയാണ് ബാലനെ വിലക്കിയത്. പൈപ്പില്‍ നിന്ന് വെള്ളം എടുക്കരുതെന്നും സമീപത്തെ കിണറ്റില്‍ നിന്ന് വെള്ളം എടുക്കാനും അധ്യാപകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കയറില്‍ കെട്ടിയിറക്കിയ കുപ്പിയില്‍ വെള്ളം എടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി കിണറ്റില്‍ വീഴുകയായിരുന്നു. മധ്യപ്രദേശിലെ ദാമോ തെന്ദുഖേദാ ജില്ലയിലാണ് സംഭവം.

ചത്ത കന്നുകാലികളെ മറവു ചെയ്യുന്ന ആഹിര്‍വാന്‍ ജാതിയില്‍പ്പെട്ട ദളിത് വിദ്യാര്‍ത്ഥിയായ വീരന്‍ ആഹിര്‍വാനാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂള്‍ പൈപ്പില്‍ നിന്ന് വെള്ളം എടുക്കുന്നതില്‍ നിന്ന് ദളിത് വിദ്യാര്‍ത്ഥികളെ വിലക്കുന്നത് പതിവാണെന്ന് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി വീരന്റെ സഹോദരന്‍ സേവക് പറഞ്ഞു. അതേ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ തനിക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും സേവക് പറഞ്ഞു. ബാലനെ വിലക്കിയ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.