KOYILANDY DIARY

The Perfect News Portal

മന്ത്രി കെ ബാബു, ബിജു രമേശ് എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടു

തൃശൂര്‍: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബു, ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശ് എന്നിവര്‍ക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. കെ ബാബു, ബിജു രമേശ് എന്നിവരെ പ്രതികളാക്കി നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജനുവരി 23 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടിയതു കുറയ്ക്കാന്‍ ഉടമകളില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഉത്തരവ്. നേരത്തേ, മന്ത്രി കെ എം മാണിക്കെതിരായി വിജിലന്‍സ് ത്വരിതാന്വേഷണം നടത്തിയപ്പോള്‍ ബാബുവിനെതിരെ വിജിലന്‍സ് മാന്വലില്‍ ഇല്ലാത്ത പ്രാഥമികാന്വേഷണം മാത്രം നടത്തി വിജിലന്‍സ് ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കെ. ബാബുവിനെതിരേ ത്വരിതാന്വേഷണം നടത്തണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ടുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടിക്കു കടകവിരുദ്ധമായാണ് ഇന്നു മറ്റൊരു ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.